13
Oct 2025
Tue
13 Oct 2025 Tue
cpm leader daughter

സി.പി.എം. ഏരിയ കമ്മിറ്റി അംഗമായ പിതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകള്‍. കാസര്‍കോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് പിതാവും കുടുംബവും തന്നം വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ആരോപിച്ച് രംഗത്തെത്തിയത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന സംഗീത വീട്ടില്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. ഒരു രഹസ്യ ഫോണ്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് യുവതി തന്റെ ദുരിതം പുറംലോകത്തെ അറിയിച്ചത്.

തനിക്ക് ലഭിച്ച വിവാഹമോചന സെറ്റില്‍മെന്റ് തുക മുഴുവന്‍ പിതാവും സഹോദരനും ചേര്‍ന്ന് കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു. ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട് എന്നും, ‘പോയി ചാകാന്‍’ പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പിതാവ് പി.വി. ഭാസ്‌കരന്‍ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സംഗീത വെളിപ്പെടുത്തി. ‘കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, വീടിനകത്ത് അതൊന്നും നടക്കില്ല,’ എന്നാണ് പിതാവ് പറഞ്ഞത്. താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ കൊല്ലുമെന്നും, അതില്‍ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. ‘ഇനി നീ നടക്കാന്‍ പോവുന്നില്ല, അരയ്ക്ക് താഴെ തളര്‍ന്ന നീ ഇതുപോലെ ഇവിടെ കിടന്നു നരകിക്കും,’ എന്നും പിതാവ് അധിക്ഷേപിച്ചു.

നേരത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി ഹരജി തള്ളുകയായിരുന്നു.

താന്‍ തടങ്കലിലാണെന്ന വിവരം പൊലീസിനോട് പറയാന്‍ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവര്‍ പറയുന്നു.

തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്.പി.ക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്നും പീഡനത്തില്‍ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ ആവശ്യം. യുവതിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.