Bihar election result 2025 live പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം.
|
ഇന്ന് നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിരിമുറുക്കമേറ്റി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അര്‍ധരാത്രി വലിയ ഇരുമ്പുപെട്ടികളുമായി വന്ന ഇരുമ്പു ട്രക്ക് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പിടികൂടി.
വ്യാഴാഴ്ച പുലര്‍ച്ച രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സി.സി ടി.വി കാമറകള്‍ ഓഫ് ആക്കിയ ശേഷം സ്ഥാനാര്‍ഥികളെയും ഏജന്റുമാരെയും അറിയിക്കാതെ പെട്ടികള്‍ നിറച്ച ലോറി വന്നത് വോട്ടുയന്ത്രങ്ങള്‍ മാറ്റിവെക്കാനാണെന്നാരോപിച്ച് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പാതിരാവില്‍ വന്‍ പ്രതിഷേധമൊരുക്കി. നടപടിയുണ്ടായില്ലെങ്കില്‍ വോട്ടുചോരി (വോട്ടുകൊള്ള) തടയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി മാര്‍ച്ച് നടത്തുമെന്ന് ആര്‍.ജെ.ഡി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ബിഹാര്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ടു ചെയ്തതിന്റെ നൂറുകണക്കിന് വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയതിനു ശേഷമാണ് ഇരുമ്പുപെട്ടികളുമായി പാതിരാവില്‍ ലോറി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വന്നത്.
റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളും. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.
ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്.





