ഇടുക്കി അടിമാലി ആനച്ചാലില്‍ സ്കൈ ഡൈനിങ്ങില്‍ പങ്കെടുത്ത യുവ ദമ്പതികളും മക്കളുമടക്കം അഞ്ചുപേര്‍ 120 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകള്‍. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് ഡൈനിങ് ടേബിളടക്കം സഞ്ചാരികളെ ഉയരത്തിലെത്തിച്ചു ഭക്ഷണം നല്കുന്ന സംവിധാനമായിരുന്നു സ്കൈ ഡൈനിങ്.
|
ക്രെയിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ദമ്പതികളും രണ്ടു മക്കളും വിനോദകേന്ദ്രത്തിലെ ജീവനക്കാരിയും ഉയരത്തില്‍ കുടുങ്ങുകയായിരുന്നു. മംഗലാപുരത്തു നിന്നെത്തിയ മലയാളി ദമ്പതികളായ മുഹമ്മദ് സഫ്വാന്, ഭാര്യ തൗഫീന, മക്കളായ ഇവാന്, ഇനാര എന്നിവരും ജീവനക്കാരിയായ ഹരിപ്രിയയുമാണ് കുടുങ്ങിയത്.
ക്രെയിന്‍ തകരാര്‍ പരിഹരിക്കാനാവാതെ വന്നതോടെ വിവരം ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂനിറ്റുകളെത്തി. വടം ഉപയോഗിച്ചാണ് സഞ്ചാരികളെ താഴെയെത്തിച്ചത്. ആദ്യം കുട്ടികളെയാണ് താഴെയിറക്കിയത്. അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ ഇടങ്ങളില്‍ ഇത്തരം തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതാവട്ടെ ഏറെ അപകടം പിടിച്ചതുമാണ്. മതിയായ അനുമതികള്‍ പോലുമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ആനച്ചാലിലെ സ്കൈ ഡൈനിങ് കേന്ദ്രത്തിലെ അടിവരയിടുന്നു.


