കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 33ാം വാര്‍ഷിക ദിനമായ ഇന്ന് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തില്‍ ബാബരി മാതൃകയില്‍ പള്ളി നിര്‍മിക്കുന്നതിനുള്ള തറക്കല്ലിടുകയാണ്. ചടങ്ങില്‍ മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ഹുമയൂണ്‍ കബീറിന്റെ അവകാശവാദം. ഇതേസമയം ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോലീസും കേന്ദ്രസേനയും അടക്കമുള്ള സുരക്ഷാവിഭാഗം വേദിയുടെ സമീപത്തെ നാഷനല്‍ ഹൈവേ 12ന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
|
ബാബരി മസ്ജിദിന്റെ മാതൃകയില്‍ മുര്‍ഷിദാബാദ് ജില്ലയില്‍ പള്ളി പണിയുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹുമയൂണ്‍ കബീര്‍ എംഎല്‍എയെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇതിനു ശേഷവും അദ്ദേഹവും പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടുപോവുകയായിരുന്നു.
150 അടി നീളത്തിലും 80 അടി വീതിയിലുമായി കെട്ടിയ വേദിയില്‍ 400 അതിഥികള്‍ക്കാണ് ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. മൂവായിരത്തോളം വോളന്റിയര്‍മാരെയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് കേറ്ററിങ് ഏജന്‍സികള്‍ക്കാണ് ഭക്ഷണമൊരുക്കാനുള്ള ചുമതല. പരിപാടിക്കെത്തുന്നവര്‍ക്കു ഭക്ഷണമൊരുക്കുന്നതിനു മാത്രം 30 ലക്ഷം രൂപയാണ് ചെലവുവരുന്നതെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.
രാവിലെ പത്തിന് ഖുര്‍ആന്‍ പാരായണത്തോടെ ചടങ്ങ് ആരംഭിക്കുകയും ഉച്ചയ്ക്ക് പള്ളിക്ക് ശിലയിടുകയും രണ്ടിന് ഭക്ഷണം വിതരണം ചെയ്യുകയും വൈകീട്ട് നാലിന് ചടങ്ങ് പിരിച്ചുവിടുമെന്നുമാണ് ഹുമയൂണ്‍ കബീര്‍ അറിയിച്ചിരുന്നത്.
ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിയെത്തിയിരുന്നെങ്കിലും കോടതി വിഷയത്തില്‍ ഇടപെടുന്നതില്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം ഹുമയൂണ്‍ കബീര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തുകയും ഇവിടെ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയും ചെയ്ത രാഷ്ട്രീയക്കാരനാണ്. തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചിരുന്നു.
ALSO READ: കര്‍ണാടകയില്‍ 38കാരിയെ റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു





