03
Dec 2025
Sun
03 Dec 2025 Sun
vengara iuml cadidate

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഒരു പോലെ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ഇടം പിടിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെയാണ് മുഖം ബുര്‍ഖ ധരിച്ചു മറച്ച ഒരു മുസ്ലിം വനിതാ സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പ്രചരിക്കുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയാണിത് എന്ന് സൂചിപ്പിച്ചാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. പോസ്റ്ററിലെ വാചകങ്ങള്‍ ഇതാണ്:

”യുവത്വത്തിന്റെ പൊന്‍തൂവല്‍
മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 UDF സ്ഥാനാര്‍ഥി
ഫാത്തിമ നസീറിനെ വിജയിപ്പിക്കുക”

വസ്തുത ഇതാണ്

വേങ്ങര വാര്‍ഡ് 12ല്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആരാണ് എന്നറിയാന്‍ ഞങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ തിരഞ്ഞപ്പോള്‍ യഥാര്‍ത്ഥ സ്ഥാനാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭിച്ചു. മുസ്ലിം ലീഗിന് വേണ്ടി ഏണി ചിഹ്നത്തില്‍ മത്സരിക്കുന്നത് എന്‍ ടി മൈമൂനയാണ്. ഇവരുടെ ചിത്രവും മറ്റു വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഉമൈബയും മത്സരിക്കുന്നുണ്ട്.

nt maimoona

സമൂഹ മാധ്യമങ്ങളിലേത് വ്യാജ പ്രചരണം മാത്രമാണെന്ന് എന്‍ ടി മൈമൂന വ്യക്തമാക്കി. ”എസ് പി ഫാത്തിമ നസീര്‍ എന്ന പേരില്‍ ആരും വേങ്ങരയില്‍ നിന്ന് മത്സരിക്കുന്നില്ല. പ്രചരിക്കുന്ന പോസ്റ്ററുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ല. ഞാന്‍ നിലവില്‍ വാര്‍ഡ് 21ലെ മെമ്പറാണ്. ഇത്തവണ വാര്‍ഡ് 12ല്‍ നിന്ന് മത്സരിക്കുന്നു. ഇവിടെയുള്ളവര്‍ക്ക് എന്നെ നന്നായി അറിയാം. ഇത് വ്യാജ പ്രചരണം മാത്രമാണെന്നും അവര്‍ക്ക് അറിയാം”

vengara udf candidates

മൈമുനയുടെയും മറ്റു യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും ചിത്രവും വിശദാംശങ്ങളും ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് 12ആം വാര്‍ഡ് UDF സ്ഥാനാര്‍ഥി ഫാത്തിമ നസീര്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്.