12
Dec 2025
Sat
12 Dec 2025 Sat
sreenivasan movies

ഏറ്റവും സ്വാഭാവികതയോടെ അഭിനയിക്കുന്ന നടന്‍, അതാണ് മലയാളിക്ക് ശ്രീനിവാസന്‍. അഭിനയത്തിലും സംവിധാനത്തിലും തിരക്കഥയിലുമുള്ള ശ്രീനി ടച്ച് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മുകള്‍ത്തട്ടിലുള്ളവരുടെ ജീവിതം തനിക്കറിയില്ലെന്നും താന്‍ കണ്ട ഇടത്തരക്കാരുടെ മനസാണ് തന്റെ സിനിമകളില്‍ നിറഞ്ഞതെന്നും ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതുപോലെ തന്നെ തന്റെ സൗന്ദര്യത്തില്‍ വലിയ അപകര്‍ഷതാ ബോധമുള്ളയാളാണെന്നും ശ്രീനി തുറന്നുപറഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ് തന്റെ സൗന്ദര്യമില്ലായ്മ. സ്വന്തമായുള്ള അപകര്‍ഷതാ ബോധമാണ് വടക്കുനോക്കിയന്ത്രം പോലുള്ള സിനിമകള്‍ ചെയ്തതിനു കാരണമെന്നും ശ്രീനി തുറന്നുപറഞ്ഞു.

താന്‍ സിനിമയില്‍ വന്നതിനെക്കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ. ‘സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമ മോഹിപ്പിച്ചിട്ടില്ല. നാടകനടനാകുകയെന്ന ലക്ഷ്യവുമായി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനത്തിനു ശ്രമിച്ചു കിട്ടാതെയായപ്പോഴാണ് മദ്രാസില്‍ സിനിമാഭിനയം പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടെന്നറിയുന്നതും അവിടെ ചേരുന്നതും. അഭിമുഖസമയത്ത് രൂപം കണ്ട് സിനിമയ്ക്കു പറ്റില്ലെന്നു മനസ്സിലാക്കിയ സംവിധായകന്‍ രാമുകാര്യാട്ട് ഏറെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ നാടകത്തിനു പ്രയോജനപ്പെടുമെന്നു പറഞ്ഞാണ് സിനിമാഭിനയം പഠിച്ചത്. പിന്നീട്, രാമുകാര്യാട്ടിന്റെ പേരിലുള്ള സംവിധായക പുരസ്‌കാരം ലഭിച്ചപ്പോള്‍ ചിരിയാണ് വന്നതെന്നും ശ്രീനിവാസന്‍ പറയുന്നു.

നടനാവാന്‍ പേനയെടുത്തു

sreenivasan old photo suresh gopi

എതിര്‍വാക്കുകളില്ലാത്ത തിരക്കഥാകൃത്താണ് ശ്രീനിവാസന്‍ . ഗുരുതുല്യനായ സുഹൃത്ത് എന്നാണ് പ്രിയദര്‍ശന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘വെളളാനകളുടെ നാട്’ എന്ന സിനിമയുടെ കഥ കേട്ട പ്രിയന്‍, ഇത് എങ്ങനെ സിനിമയാക്കുമെന്ന് ക്ഷോഭത്തോടെ ശ്രീനിയോട് ചോദിച്ചു. കരാര്‍ സമ്പ്രദായത്തിലെ നിയമപരമായ നൂലാമാലകള്‍ പ്രതിപാദിക്കുന്ന തീര്‍ത്തും വസ്തുതാപരമായ വരണ്ട ഒരു പ്രമേയം രസകരമായ ഒരു സിനിമയായി അവതരിപ്പിക്കാന്‍ കഴിയുന്നതെങ്ങിനെ? സഹജമായ നനുത്ത ചിരിയായിരുന്നു ശ്രീനിയുടെ മറുപടി.

മൂന്‍കൂട്ടി ഫുള്‍ സ്‌ക്രിപ്റ്റ് എഴുതുന്ന ശീലമില്ലാത്തതു കൊണ്ട് ഓരോരോ സീനുകളായി എഴുതി ലൊക്കേഷനിലെത്തിക്കുകയായിരുന്നു അദ്ദേഹം. സീനുകള്‍ വായിച്ച പ്രിയദര്‍ശന്‍ പൊട്ടിച്ചിരിച്ചു. അഭിനയിച്ച നടന്‍മാരും ചിരിച്ചു. തിയറ്ററുകളിലെത്തിയപ്പോള്‍ കാണികള്‍ ഒന്നടങ്കം ചിരിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ സിനിമ കണ്ട് ജനലക്ഷങ്ങള്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു.

1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറിയ ശീനിവാസന്‍ എഴുത്തുവഴിയില്‍ 4 പതിറ്റാണ്ട് പിന്നിട്ടിരുന്നു. തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍ എന്ന് ടൈറ്റിലില്‍ തെളിഞ്ഞത് അന്നാണെങ്കിലും അതിനും എത്രയോ വര്‍ഷം മുന്‍പേ പല സിനിമകളുടെയും അണിയറയില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും ശ്രീനി പ്രവര്‍ത്തിച്ചിരുന്നു.

കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത മേളയില്‍ ശ്രീധരന്‍ ചമ്പാടിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്ന ജോലിയുമായി സഹകരിച്ചുകൊണ്ടായിരുന്നു തുടക്കം. ജോര്‍ജ് അടക്കം പലര്‍ക്കുമൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീനിയുടെ പല അഭിപ്രായങ്ങളും വിലമതിക്കപ്പെട്ടു. എന്നാല്‍ തിരക്കഥ എന്ന സാങ്കേതികവും സൗന്ദര്യശാസ്ത്രപരവും ഘടനാപരവുമായ എഴുത്തിന്റെ രീതികളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണ ലഭിക്കുന്നത് ആ ദിവസങ്ങളിലാണെന്ന് പില്‍ക്കാലത്ത് ശ്രീനി ഏറ്റു പറഞ്ഞിട്ടുണ്ട്. ഒരു കഥയില്‍ നിന്നും തിരക്കഥ രൂപപ്പെട്ട് വരുന്ന പ്രക്രിയ പൂര്‍ണമായി അടുത്തിരുന്ന് മനസിലാക്കുന്നത് ആ കാലയളവിലാണ്.

sreenivasan rajani kanth

അഭിനയമായിരുന്നു ശ്രീനിയുടെ പാഷന്‍. രൂപപരമായ പരിമിതികള്‍ക്കിടയിലും നടന്‍ എന്ന നിലയില്‍ എവിടെയെങ്കിലും എത്തിച്ചേരാനുളള അദമ്യമായ അഭിവാഞ്ജ അദ്ദേഹത്തെ നയിച്ചു. എന്നാല്‍ ആദ്യകാലത്ത് ലഭിച്ചതൊക്കെയും നുറുങ്ങ് വേഷങ്ങള്‍. പഞ്ചവടിപ്പാലത്തിലും അങ്ങാടിയിലുമൊക്കെ ചെറിയ വേഷങ്ങളില്‍ മിന്നിമറയുന്ന ശ്രീനിവാസനെ കാണാം.

ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയത് തിരക്കഥാകൃത്ത് എന്ന നിലയില്‍ സംഭവിച്ച മുന്നേറ്റമാണ്. തിരക്കഥയെഴുത്ത് നല്ല വശമുളള പ്രിയദര്‍ശന്‍ സംവിധായകന്‍ എന്ന നിലയില്‍ തിരക്കേറിയപ്പോള്‍ രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു. അന്ന് ചെന്നെയില്‍ സ്ഥിരതാമസക്കാരനായിരുന്ന ശ്രീനിയെ പ്രിയന്‍ നിര്‍ബന്ധപൂര്‍വം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തന്റെ പുതിയ പടം എഴുതിയേ തീരൂ എന്ന് ആവശ്യപ്പെട്ടു. പകരം നല്ല ഒരു റോള്‍ ഓഫര്‍ ചെയ്തു. ഗത്യന്തരമില്ലാതെ ശ്രീനി പേന കയ്യിലെടുത്തു. അതിനെക്കുറിച്ച് പില്‍ക്കാലത്ത് ശ്രീനിവാസന്‍ സഹജമായ ശൈലിയില്‍ പറഞ്ഞ ഒരു കമന്റുണ്ട്.

”തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശന്‍”.

സത്യന്‍ അന്തിക്കാടിലേക്ക്

sreenivasan old photo

എന്തായാലും ഓടരുതമ്മാവാ എന്ന് ടൈറ്റിലിട്ട പടം നന്നായി ഓടി. പിന്നാലെ ജഗദീഷിന്റെ കഥയില്‍ സിബി മലയില്‍ മുത്താരംകുന്ന് പി.ഒ എന്ന പടം പ്ലാന്‍ ചെയ്തപ്പോഴും തിരക്കഥ എഴുതാനുളള ചുമതല ശ്രീനിയുടെ തലയില്‍ വന്നു വീണു. നടനായി നിലനില്‍ക്കാനും വളരാനും ഈ മാറാപ്പ് ചുമന്നേ തീരൂ എന്ന് ബോധ്യം വന്ന ശ്രീനി വീണ്ടും പേന കയ്യിലെടുത്തു. മുത്താരംകുന്നും ഹിറ്റായതോടെ ഒന്നിന് പിറകെ മറ്റൊന്നായി സിനിമകള്‍ അദ്ദേഹത്തെ തേടി വന്നു. ബോയിങ് ബോയിങ് അടക്കം അക്കാലത്ത് വന്‍ഹിറ്റായ പല പടങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ശ്രീനിവാസനായിരുന്നു.

എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ കപ്പ് ഓഫ് ടീ ആയിരുന്നില്ല. ഗതികേട് കൊണ്ട് സ്ലാപ്സ്റ്റിക് കോമഡി ചിത്രങ്ങള്‍ എഴുതിയ ശ്രീനി ക്രമേണ സ്വയം കണ്ടെത്തുകയും സ്വയം തെളിയിക്കുകയും ചെയ്തു. അതിന് നിമിത്തമായത് സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഗുസ്തിക്കാരുടെ കഥ പറഞ്ഞ ‘മുത്താരംകുന്ന് പി.ഒ’ എന്ന സിബി മലയില്‍ ചിത്രം എഴുതിയത് ശ്രീനിവാസനായിരുന്നു. അടുക്കും ചിട്ടയും വെടിപ്പുമുളള കുലീനമായ തിരക്കഥയായിരുന്നു അത്. സിനിമ കണ്ട സത്യന്‍ അന്തിക്കാടിന് താന്‍ ഇക്കാലമത്രയും തേടി നടന്ന എഴുത്തുകാരന്‍ ഇതാണെന്ന് തോന്നി. ഒരു ചരിത്രനിയോഗം പോലെ സമാന അഭിരുചിയുളള രണ്ട് മനസുകളുടെ പാരസ്പര്യം സംഭവിക്കുകയായിരുന്നു.

അങ്ങനെ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്‍മനസുളളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്..എന്നിങ്ങനെ നിരവധി സിനിമകള്‍ സംഭവിച്ചു. കേവലം തമാശപ്പടങ്ങളായിരുന്നില്ല അതൊന്നും. മനുഷ്യന്റെ ജീവിതപ്രതിസന്ധികളും അവസ്ഥാപരിണതികളും നിസഹായതയും മറ്റും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കപ്പെട്ട ആ സിനിമകള്‍ ആന്തരികഗൗരവം നിലനിര്‍ത്തിയിരുന്നു. വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് എന്നീ സിനിമകളിലെത്തിയപ്പോള്‍ നര്‍മം ഒരു ബാഹ്യാവരണം മാത്രമാക്കി നിര്‍ത്തി സമൂഹത്തിലെ പുഴുക്കുത്തുകളും മാലിന്യങ്ങളും അതിശക്തമായി തുറന്ന് കാട്ടുന്ന പുതിയ ചലച്ചിത്ര സമീപനത്തിലേക്ക് ശ്രീനി വഴിമാറി. അതിനൊക്കെയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.

സംവിധായകന്‍ എന്ന നിലയിലേക്ക് പരിവര്‍ത്തിച്ചപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും സുഘടിതവും ആസ്വാദനക്ഷമവും കാതലുളള ഇതിവൃത്തങ്ങളും ഉള്‍ക്കൊളളുന്ന കതിര്‍ക്കനമുളള രചനകളായിരുന്നു. അത് ഭംഗിയായി ക്യാമറയിലേക്ക് പരാവര്‍ത്തനം ചെയ്യുകയായിരുന്നു സംവിധായകനായ ശ്രീനി. നടന്‍ എന്ന നിലയിലും വലിയ കയ്യടി വാങ്ങാന്‍ ഈ സിനിമകള്‍ സഹായകമായി. അതിനും പിന്‍ബലമേകിയത് കരുത്തുറ്റ തിരക്കഥ തന്നെയായിരുന്നു.