25
Dec 2025
Thu
25 Dec 2025 Thu
Karnataka accident

കര്‍ണാടകയിലും തമിഴ്‌നാട്ടിലും വാഹനാപകടങ്ങളില്‍ വന്‍ ദുരന്തം. 19 പേര്‍ കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ലോറിയും സ്വകാര്യ സ്ലീപ്പര്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ പൊള്ളലേറ്റ് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഗോര്‍ലത്തിലായിരുന്നു സംഭവം. ദേശീയപാത 48ലാണ് അപകടമുണ്ടായത്. ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.

അപകടത്തില്‍ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുര്‍ഗയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശിവമോഗയില്‍ നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സീ ബേര്‍ഡ് എന്ന സ്വകാര്യ സ്ലീപ്പര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ഡിവൈഡര്‍ മറികടന്ന് ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തമിഴ്‌നാട്ടില്‍ ബസ്സും കാറുകളും കൂട്ടിയിടിച്ചു

tamilnadu accident

കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപം ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസും എതിരെവന്ന കാറുകളും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.

തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചാണ് അപകടം.

രണ്ട് കാറുകളും നിശ്ശേഷം തകര്‍ന്നു. ഇതിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. സംഭവസ്ഥലത്ത് ഏഴുപേര്‍ മരിച്ചു. പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു. രാമനാഥം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് ചെന്നൈ- തിരുച്ചി ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.