ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 20 പേരാണ് കേസിലെ പ്രതികള്‍.
|
കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകും.
കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകനായിരുന്നു 19കാരനായ വിശാല്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ നടന്ന എബിവിപി-ക്യാമ്പസ് ഫ്രണ്ട് സംഘര്ഷത്തിനിടയിലാണ് വിശാലിന് കുത്തേറ്റത്.
ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യന്‍ കോളേജിലെ പരിപാടിക്കായി എത്തിയതായിരുന്നു വിശാല്‍. അക്രമം നടന്ന ദിവസം ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്ത് പ്രവേശനകവാടത്തിന് താഴെ പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് സരസ്വതി പൂജ നടത്താന്‍ തയാറെടുത്തിരുന്നു.
സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വെച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്. ഇത് മറ്റു വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
ആദ്യം ലോക്കല്‍ പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കേസിലെ ഇരുപത് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.
സാക്ഷികളായ ക്യാമ്പസിലെ കെഎസ്യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിചാരണവേളയില്‍ മൊഴി മാറ്റിയിരുന്നു.


