Iran Israel war ടെല്‍ അവീവ്: ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കിയതായി പ്രമുഖ ഇസ്രായേലി പത്രമായ ‘യെദിയോത്ത് അഹറോണോത്ത്’ (Yedioth Ahronoth) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആക്രമണത്തിന് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു’ എന്ന തലക്കെട്ടോടെയാണ് പത്രം ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്
|
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള ഭീഷണികളെ നേരിടാന്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (IDF) ഉന്നത ലത്തിലുള്ള നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇസ്രായേലിന്റെ ഈ നീക്കങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പ്രതികരിച്ചു. സൈബര്‍ ഇടങ്ങളിലും പ്രതിരോധ മേഖലയിലും ജാഗ്രത ശക്തമാക്കിയതായി ഇറാന്റെ സൈബര്‍ വിങ്ങും അറിയിച്ചിട്ടുണ്ട്.
പിന്തുണയുമായി ട്രംപ്
ഇറാനെതിരായ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ട്രംപ് പിന്തുണ അറിയിച്ചത്.
ഇറാന്റെ ആണവ പദ്ധതി തുടരുകയാണെങ്കില്‍, അവര്‍ക്കെതിരെ മുന്‍പ് നടത്തിയതിന് സമാനമായ (അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ) സൈനികാക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ശക്തമായ തിരിച്ചടിയെന്ന് ഇറാന്‍
ആണവ പദ്ധതിയോ മിസൈല്‍ ശേഷിയോ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെതിരെ തുടര്‍ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, ഏത് ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഫ്‌ലോറിഡയിലെ വസതിയില്‍ വെച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ട് ട്രംപ് ഇസ്രായേല്‍ അനുകൂല നിലപാട് ആവര്‍ത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഇറാന്റെ മറുപടി ‘കടുപ്പമേറിയതും ഖേദിക്കേണ്ടിവരുന്നതുമായിരിക്കും’ എന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാനുനേരെ മറ്റൊരു വലിയ ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് മടിയില്ലെന്ന് മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ ഈ ശക്തമായ മറുപടി വന്നത്.
ആഭ്യന്തര കലാപത്തിന് ആഹ്വാനം
ഇറാനിലെ ജനങ്ങളോട് വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി. ഇറാനിലെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്നും ‘സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും’ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തി. എന്നാല്‍, ഈ നീക്കം ഇറാനികള്‍ക്കിടയില്‍ വലിയ പരിഹാസത്തിന് കാരണമായിട്ടുണ്ട്.
ശത്രുരാജ്യങ്ങള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ആഭ്യന്തര ഭിന്നതകള്‍ മറന്ന് ഒന്നിക്കാനുള്ള പ്രവണതയാണ് ഉണ്ടാകുന്നത്. ഭീഷണികള്‍ വര്‍ദ്ധിക്കുന്തോറും ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന് പിന്നില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു
‘ഇവര്‍ എത്രത്തോളം ഭീഷണിപ്പെടുത്തുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുവോ, അത്രത്തോളം ജനങ്ങള്‍ ഇവര്‍ക്കെതിരെ ഒന്നിക്കും’ എന്നാണ് ഇറാനിയന്‍ ചാനലുകള്‍ ഇതിനോട് പ്രതികരിക്കുന്നത്


