Malabar Gold MP Ahamed ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്വര്‍ണവില തോന്നിയ പോലെ കൂട്ടുകയാണെന്ന ആരോപണവുമായി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്. ഇന്ത്യയില്‍ സ്വര്‍ണവില നിര്‍ണയത്തില്‍ അംഗീകൃത മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായ ചില പ്രവണതകള്‍ കാണുന്നുണ്ടെന്നു എം.പി. അഹമ്മദ് പറഞ്ഞു.
|
‘കേരളത്തില്‍ വില നിര്‍ണയം വിശ്വാസ്വതയോടെയും കൃത്യമായും നടത്തിവരുന്നത് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷനുകളാണ്. രാവിലെ 9.30നു മുന്‍പ് വില പ്രസിദ്ധപ്പെടുത്തും. എന്നാല്‍, കഴിഞ്ഞ 27 ന് രാജ്യാന്തര മാര്‍ക്കറ്റുകള്‍ അവധിയായിരിക്കെ ഒരു വിഭാഗം വ്യാപാരികള്‍ ഏകപക്ഷീയമായും നിലവിലുള്ള ധാരണയ്ക്കു വിരുദ്ധമായും വൈകിട്ട് 5നു ശേഷം ഗ്രാമിന് 110 രൂപ വില വര്‍ധിപ്പിച്ചു. ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ പ്രസ്താവനയില്‍ പറയുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ വിവിധ വിലയ്ക്ക് സ്വര്‍ണം വില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്’ മലബാര്‍ നടപ്പാക്കിയതെന്നും രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിര്‍ണയിക്കുന്ന ഉല്‍പന്നത്തിന് ഏകീകൃത വിലയായിരിക്കണമെന്നും എം.പി. അഹമ്മദ് ചൂണ്ടിക്കാട്ടി.





