എണ്ണ മോഷണമാണ് വെനസ്വേലന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തുറുന്ന് സമ്മതിച്ച് അമേരിക്ക. വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും പിടികൂടിയത് എണ്ണയ്ക്ക് വേണ്ടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്.
|
വെനസ്വേലയില്‍നിന്നും 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ ഉയര്‍ന്ന നിലവാരമുള്ള എണ്ണ യുഎസിന് ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. അതുവഴി ലഭിക്കുന്ന പണം യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ താന്‍ നിയന്ത്രിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
വെനസ്വേലയുടെ ഇടക്കാല ഭരണകൂടം 30 മുതല്‍ 50 മില്യണ്‍ ബാരല്‍ എണ്ണ യുഎസിന് കൈമാറാന്‍ സമ്മതിച്ചെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ എണ്ണ വിപണി വിലയ്ക്ക് വില്‍ക്കുകയും ലഭിക്കുന്ന പണം യുഎസ് സര്‍ക്കാര്‍ നിയന്ത്രിക്കുകയും ചെയ്യും. വെനസ്വേലയിലെ ജനങ്ങളുടെയും യുഎസിന്റെയും പ്രയോജനത്തിനായി ഈ പണം ഉപയോഗിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന് ഈ പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ എണ്ണ സംഭരണ കപ്പലുകളില്‍ യുഎസ്സിലെ തുറമുഖങ്ങളില്‍ എത്തിക്കും.
യുഎസ് കഴിഞ്ഞ വര്‍ഷാവസാനം ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തെത്തുടര്‍ന്ന് വെനസ്വേല വലിയ അളവില്‍ ക്രൂഡ് ഓയില്‍ ശേഖരിച്ചിരുന്നു. ഈ എണ്ണയുടെ ഭൂരിഭാഗവും നിലവില്‍ കപ്പലുകളിലാണുള്ളത്. ഇവ യുഎസ് ഗള്‍ഫ് തീരത്തെ ശുദ്ധീകരണ ശാലകളിലേക്ക് തിരിച്ചുവിടും. കഴിഞ്ഞ മാസം യുഎസ് പ്രതിദിനം 20 മില്യണ്‍ ബാരലില്‍ കൂടുതല്‍ എണ്ണയാണ് ഉപയോഗിച്ചത്. അതിനാല്‍ ഈ കൈമാറ്റം ഇന്ധനവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തല്‍.
വെനസ്വേലയ്ക്ക് ഏകദേശം 48 മില്യണ്‍ ബാരല്‍ ഓയില്‍ സംഭരിക്കാനുള്ള ശേഷിയുണ്ട്. ഇത് ഏതാണ്ട് പൂര്‍ണ്ണമായി നിറഞ്ഞിരിക്കുകയാണ്. പിടിച്ചെടുത്ത ടാങ്കറുകളില്‍ ഏകദേശം 15 മുതല്‍ 22 മില്യണ്‍ ബാരല്‍ ഓയില്‍ ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ എണ്ണയുടെ കൈമാറ്റം യുഎസിന് സാമ്പത്തികമായി ഗുണകരമാകും. ഈ പണം വെനസ്വേലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ പരമാധികാരം കാക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡെല്‍സി റോഡ്രിഗസ് വെനസ്വേലന്‍ ജനതയ്ക്ക് ഉറപ്പുനല്‍കി. ഇടക്കാല പ്രസിഡന്റിന് ബൊളിവാറിയന്‍ നാഷണല്‍ ആംഡ് ഫോഴ്സ് അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന് മുന്നിലുള്ള ദുഷ്‌കരമായ ദൗത്യത്തില്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനൊപ്പം നില്‍ക്കുമെന്ന് പ്രതിരോധ മന്ത്രി ജനറല്‍ ഇന്‍ ചീഫ് വ്ളാഡിമിര്‍ പാഡ്രിനോ ലോപ്പസ് വ്യക്തമാക്കി.





