കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു. ദുര്‍ഗ കാമി എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. ദുര്‍ഗയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
|
ഡാനണ്‍ എന്ന അപൂര്‍വ്വ ജനിതക രോഗമായിരുന്നു ദുര്‍ഗയ്ക്ക് ബാധിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ഹൃദയമായിരുന്നു ദുര്‍ഗയ്ക്ക് മാറ്റിവെച്ചത്.
കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദുര്‍ഗ കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയത്. പാരമ്പര്യ രോഗം മൂലം ദുര്‍ഗയുടെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. ഒരു സഹോദരന്‍ മാത്രമാണ് ദുര്‍ഗയ്ക്കുണ്ടായിരുന്നത്.
ALSO READ: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മരുമകന്‍ പിടിയില്‍
നേപ്പാള്‍ ഗഞ്ചില്‍ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ബിരുദവിദ്യാര്‍ഥിനിയായ ദുര്‍ഗ വളര്‍ന്നത്. ലക്നൗവിലും കാഠ്മണ്ഡുവിലും ചികിത്സ നടത്തുകയും പിന്നീട് ധര്‍മപുരിയിലും അമൃത ആശുപത്രിയിലുമെത്തുകയായിരുന്നു. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ദുര്‍ഗയെ ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.
ഹൃദയം മാറ്റിവെയ്ക്കലാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങിനെയാണ് തുടര്‍ചികിത്സ എറണാകുളം ജനറല്‍ ആശുപത്രിയിലാക്കുന്നത്. സഹോദരന്‍ തിലകിനൊപ്പമായിരുന്നു ദുര്‍ഗ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിയിരുന്നത്. ഡിസംബര്‍ 22-നായിരുന്നു ശസ്ത്രക്രിയ.
കഴിഞ്ഞ ദിവസം ദുര്‍ഗയ്ക്ക് ജീവന്‍രക്ഷാ മെഷീനുകളുടെ പിന്തുണ മാറ്റുകയും ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. എന്നാല്‍ ഫിസിയോ തെറാപ്പിയ്ക്കിടെ ദുര്‍ഗ കുഴഞ്ഞുവീഴുകയായിരുന്നു.
കോടതിയുടെ കനിവില്‍
ഒരുവര്‍ഷമായി ഹൃദയത്തിന് കാക്കുകയായിരുന്നു ദുര്‍ഗ കാമി. രാജ്യത്തിന് പുറത്തുള്ള വ്യക്തിക്ക് അവസാന പരിഗണന മതിയെന്ന കേന്ദ്രനിയമം കുരുക്കായി. ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ശസ്ത്രക്രിയക്ക് വഴിയൊരുക്കി. ഷിബുവിന്റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനസര്‍ക്കാര്‍ അതിവേഗം അവയവദാനം മാറ്റിവയ്ക്കല്‍ നടപടികള്‍ സ്വീകരിച്ചു.
ജനറല്‍ ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കി. ഹൃദയം എത്തിക്കാന്‍ ഹെലികോപ്ടറും ലഭ്യമാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ദുര്‍ഗകാമി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതും കാത്തിരിക്കുകയായിരുന്നു കേരളം.
നാളെ വരുമ്പോള്‍ പുസ്തകം കൊണ്ടുവരണം
അവള്‍ പറഞ്ഞു, നാളെ വരുന്‌പോള്‍ പുസ്തകം കൊണ്ടുവരണം
ദുര്‍ഗ കാമിയുടെ ജീവന്‍ രക്ഷിക്കാനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും എറണാകുളം ജനറല്‍ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഠിന പരിശ്രമങ്ങള്‍ക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ സഹോദരന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഐസിയുവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോള്‍ മനസില്‍. ജീവന്‍രക്ഷ യന്ത്രങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും അവള്‍ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയത്. നാളെ വരുമ്പോള്‍ വായിക്കാന്‍ പുസ്തകങ്ങള്‍ കൊണ്ടു വരണമെന്നാണ് അവള്‍ ഡോക്ടര്‍മാരോട് അവസാനം പറഞ്ഞതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് വാളൂരാന്‍ പറഞ്ഞുവീണാ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.





