വിഎസ് അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മകന്‍ വി.എ. അരുണ്‍കുമാര്‍ നിലപാട് വ്യക്തമാക്കി. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണ് വിഎസിന്റെ കുടുംബമെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പുരസ്‌കാരം സംബന്ധിച്ച കത്ത് ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍കുമാറിന്റെ പ്രതികരണം. വിഎസിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും കുടുംബത്തിന് എന്നും വലിയ കരുത്താണെന്നും, അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.
എന്നാല്‍, പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിഎസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ പിതാവിന്റെ ആശയങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും അനുസൃതമായാണ് കുടുംബം മുന്നോട്ടുപോകുന്നതെന്നും, ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് ഒപ്പമാണെന്നും അരുണ്‍ പറഞ്ഞു.
വിഎസ് അച്യുതാനന്ദന് ജനഹൃദയങ്ങളില്‍ ലഭിച്ച സ്ഥാനം ഏതൊരു പുരസ്‌കാരത്തേക്കാളും വലുതാണെന്ന് കുടുംബം വിശ്വസിക്കുന്നതായും അരുണ്‍കുമാര്‍ പോസ്റ്റില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കത്തും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
പത്മവിഭൂഷണ്‍ പ്രഖ്യാപനം നേരത്തെ തന്നെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സംഘപരിവാര്‍ സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം വിഎസ് ജീവിച്ചിരുന്നെങ്കില്‍ നിഷേധിച്ചേനെ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം, വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് വിഎസിന്റെ കുടുംബമാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.
ഇതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാടിനൊപ്പം കുടുംബവും നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി മകന്‍ തന്നെ രംഗത്തെത്തിയത്. പത്മ പുരസ്‌കാരങ്ങള്‍ ഭരണകൂട ബഹുമതികളാണെന്നും അവ സ്വീകരിക്കേണ്ടതില്ലെന്നും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ടായതിനാല്‍, വിഎസിന്റെ കുടുംബം പുരസ്‌കാരം സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമാകുകയാണ്.
|





