16
Feb 2026
Mon
16 Feb 2026 Mon
kozhikkode medical college OP

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം തുടങ്ങി. പലയിടത്തും രോഗകള്‍ക്ക് വലിയ പ്രയാസം നേരിട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടര്‍ന്നിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണത്തിന് വഴിവെച്ചത്. എന്നാല്‍, സമരം തുടരുമ്പോഴും അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങള്‍ മുടക്കില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഒ.പികളില്‍ രോഗികളുടെ നീണ്ടനിരയാണ്. രാവിലെ എട്ട് മുതല്‍ ഒ.പി ടിക്കറ്റുകള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ മാത്രം 250 ഡോക്ടര്‍മാരാണ് സമരത്തിലുള്ളത്.

നിലവിലെ മറ്റു പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം ഇന്ന് മുതല്‍ അനിശ്ചിതകാല അക്കാദമിക് ബഹിഷ്‌കരണവും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍ ചട്ടപ്പടി സമരവും മെഡിക്കല്‍ ബോര്‍ഡ് ബഹിഷ്‌കരണവും തിരുവനന്തപുരത്ത് റിലേ നിരാഹാരവും തുടരുകയാണ്.

രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ പ്രകടനം നടക്കും. വ്യാഴാഴ്ച ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരി 25 മുതല്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും.