ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡുകളുടെ തിരിച്ചടി. ഇന്ന് പുലര്‍ച്ചെ വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് ഐ.ആര്‍.ജി.സി (IRGC) നാവികസേനയുടെ പോരാളികള്‍ ഒരു അമേരിക്കന്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തി. കപ്പല്‍ നിലവില്‍ കത്തുകയാണ്.
|
വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ കപ്പലില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യു.എസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ അമേരിക്കക്ക് കയ്‌പ്പേറിയ രീതിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന ‘മിലാന്‍’ അന്താരാഷ്ട്ര നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാന്റെ കപ്പല്‍. ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി. കപ്പലില്‍ ഏകദേശം 130 നാവികര്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുപ്പതോളം ഇറാനിയന്‍ നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോര്‍മുസ് നിയന്ത്രിക്കും
അന്താരാഷ്ട്ര നിയമങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും വിധേയമായി, യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയമങ്ങള്‍ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
എല്ലാവരും അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. അമേരിക്ക, സയണിസ്റ്റ് ഭരണകൂടം (ഇസ്രായേല്‍), യൂറോപ്യന്‍ രാജ്യങ്ങള്‍, അവരെ പിന്തുണയ്ക്കുന്നവര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സൈനിക-വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരീക്ഷണത്തില്‍ ഇത്തരത്തിലുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ആക്രമിക്കപ്പെടുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
ഗള്‍ഫ് മേഖലയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സംഘര്‍ഷം ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും, ഇന്ത്യയുടെ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാനിയന്‍ നാവികസേനയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
സംഘര്‍ഷത്തില്‍ ഇതിനോടകം തന്നെ ഇറാനില്‍ ആയിരത്തിലേറ പേര്‍ കൊല്ലപ്പെട്ടതായും പ്രത്യാക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



