02
Mar 2026
Thu
02 Mar 2026 Thu
LPG Kerala

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ആഘാതം ഇന്ത്യയിലെ അടുക്കളയിലേക്കും. സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ ക്രൂഡ് ഓയില്‍, എല്‍എന്‍ജി നീക്കം തടസ്സപ്പെട്ടു. ഖത്തര്‍ എല്‍എന്‍ജി ഉല്‍പാദനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഇന്ധനക്കടത്ത് പാതയായ ഹോര്‍മുസ് അടച്ചതോടെ ഇന്ത്യയില്‍ ഏറ്റവുമാദ്യം ക്ഷാമമുണ്ടാവുക എല്‍പിജിക്കായിരിക്കുമെന്ന ആശങ്ക ശക്തമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തെ ഏറ്റവുമധികം എല്‍പിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഉപഭോഗത്തിനുള്ള മൊത്തം എല്‍പിജിയുടെ 90% ഇന്ത്യ വാങ്ങുന്നതും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്. വെറും 30 ദിവസത്തേക്കുള്ള എല്‍പിജി മാത്രമേ ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റോക്കുള്ളൂ.

യുദ്ധം നീണ്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത എല്‍പിജി ക്ഷാമമായിരിക്കും. എന്നാല്‍, പ്രതിസന്ധി കടുക്കുംമുന്‍പ് സംഘര്‍ഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗള്‍ഫ് ഇതര മേഖലകളില്‍ നിന്ന് എല്‍പിജി കൂടുതലായി വാങ്ങാനുള്ള നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.

കേരളവും എല്‍പിജിയും

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരുകോടിയിലേറെ എല്‍പിജി ഉപയോക്താക്കളുണ്ട്. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഏതാണ്ട് പാതിയും വാങ്ങിയിരുന്നത് ഗള്‍ഫില്‍ നിന്നാണ്.

ക്രൂഡ് ഓയില്‍ ക്ഷാമം ഇന്ത്യയിലെ റിഫൈനറികളെ പിടികൂടിത്തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ഒരു റിഫൈനറി യൂണിറ്റ് അടച്ചുവെന്നാണ് വിവരം.

എല്‍എന്‍ജിയും വലിയതോതില്‍ ഇന്ത്യ പുറത്തുനിന്ന് വാങ്ങുകയാണ്. ഇതിന്റെ മുക്കാലും വരുന്നത് ഗള്‍ഫില്‍ നിന്ന്; പ്രത്യേകിച്ച് ഖത്തറില്‍ നിന്ന്. ഖത്തര്‍ ഉല്‍പാദനം നിര്‍ത്തിവച്ചതോടെ എല്‍എന്‍ജി ലഭ്യത കുറയുമെന്ന സൂചന ഇന്ത്യന്‍ കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജിയും നല്‍കിയിട്ടുണ്ട്.

പ്രതിസന്ധി രൂക്ഷമാകുന്നത് തടയാനായി പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതി കുറയ്ക്കാനും അധികമായി ആഭ്യന്തര വിപണിയിലേക്ക് അവ മാറ്റാനും കേന്ദ്രസര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടേക്കും.

പമ്പുകളില്‍ നീണ്ട ക്യൂ

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമമുണ്ടായേക്കുമെന്ന ഭീതിയും അലയടിക്കുകയാണ്. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ ഭട്കലിലുമെല്ലാം പെട്രോള്‍ പമ്പുകളില്‍ കഴിഞ്ഞദിവസം വാഹനങ്ങളുടെ അസാധാരണ തിരക്ക് അനുഭവപ്പെട്ടു.

25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളും ഇന്ത്യന്‍ എണ്ണവിതരണക്കമ്പനികളുടെ സ്റ്റോറേജുകളിലുണ്ടെന്നാണ് കണക്ക്. ഗള്‍ഫിനെ അധികമാശ്രയിക്കാതെ ക്രൂഡ് ഓയിലും എല്‍പിജിയും മറ്റു രാജ്യങ്ങളില്‍ നിന്ന് വലിയതോതില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഇന്ത്യ നടത്തുന്നുണ്ട്.

വില കുതിച്ചുയരും

യുദ്ധംമൂലം ക്ഷാമമുണ്ടായില്ലെങ്കിലും വിലക്കയറ്റമെന്ന ബോംബ് ഉപഭോക്താക്കള്‍ക്കുമേല്‍ വന്നുപതിക്കാനുള്ള സാധ്യതയേറെ. എല്‍പിജി, സിഎന്‍ജി വിലകളില്‍ വന്‍ കയറ്റം പ്രതീക്ഷിക്കാം. പെട്രോള്‍, ഡീസല്‍ വില തല്‍ക്കാലം കൂട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഹോര്‍മുസ് പ്രതിസന്ധി നീണ്ടാല്‍ ക്രൂഡ് ഓയില്‍ വില നിലവിലെ 75-84 ഡോളര്‍ നിരക്കില്‍ നിന്ന് 100 ഡോളറും കടന്ന് മുന്നേറുമെന്നാണ് നിരീക്ഷക വിലയിരുത്തലുകള്‍.

ബുക്കിങ്ങിന് പരിധി ഏര്‍പ്പെടുത്തി?

എല്‍പിജി ക്ഷാമമുണ്ടായേക്കാമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ചില ഇടങ്ങളില്‍ ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദില്‍ 2 സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി 30 ദിവസം കൂടുമ്പോഴേ അടുത്ത ബുക്കിങ് നടത്താനാകൂ. സിംഗിള്‍ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ഇത് 21 ദിവസമാണ്.