26
Mar 2026
Fri
26 Mar 2026 Fri
nheralath harigovindan

പ്രശസ്ത സോപാനസംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. പാണക്കാട് വച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഒരുകാലത്ത് സംഘപരിവാറുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും തന്റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്‌കാരത്തിന്റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്‍. ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്‌നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്. മാരാരുമാര്‍ കൊട്ടുന്ന ചെണ്ട നായന്‍മാര്‍ കൊട്ടിയാല്‍ പ്രശ്‌നമാണ്. കടുത്ത ജാതീയതയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാരാര്‍മാര്‍ പൂരം ബഹിഷ്‌ക്കരിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. സിഐടിയു യൂണിയന്‍ ശക്തമായ മേഖലയായിട്ടു പോലും ഒന്നും നടന്നില്ലെന്നും ഹരി പറയുന്നു.

ALSO READ: യുദ്ധത്തിനിടയിലും കോടികളുടെ അധിക വരുമാനമുണ്ടാക്കി ഇറാന്‍; പ്രതിദിന വരുമാനം 139 മില്യണ്‍ ഡോളറായി ഉയര്‍ന്നു

അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് ഹരിഗോവിന്ദന്‍ അവകാശപ്പെട്ടു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്ന് താന്‍ തങ്ങളോട് പറഞ്ഞതായും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തിനാണെന്ന് തെറ്റിദ്ധരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകും. ദലിതനും മുസ്ലിമിനും ക്രിസ്ത്യാനിക്കും കലാരംഗം സ്വീകാര്യമാകണമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.