വിവാഹിതന്‍ പരസ്പരസമ്മതത്തോടെ പ്രായപൂര്‍ത്തിയായ മറ്റൊരു യുവതിക്കൊപ്പം ജീവിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയാണ് ലിവ് ഇന്‍ റിലേഷനിലുള്ള അനാമിക-നേത്രപാല്‍ ദമ്പതികളുടെ ഹരജിയില്‍ വിധി പുറപ്പെടുവിച്ചത്.
|
ഹരജിക്കാരിയുടെ അമ്മ കാന്തി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തത് തള്ളിക്കളയണമെന്നാവശ്യപ്പെട്ടാണ് ദമ്പതികള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.
നേത്രപാല്‍ വിവാഹിതനാണെന്നും ഇയാള്‍ തന്റെ മകളുമായി ഒളിച്ചോടിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രഥമദൃഷ്ട്യാ യുവാവ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പ്രായപൂര്‍ത്തിയായ വനിതയ്‌ക്കൊപ്പമുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പരസ്പരസമ്മതത്തോടെയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. സാമൂഹിക അഭിപ്രായമോ ധര്‍മികതയോ കണക്കിലെടുത്തല്ല കോടതി പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നും കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹരജിക്കാരിയുടെ കുടുംബം ഇവരെ ആക്രമിക്കുന്നത് തടയണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കി.
ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ ഹരജിക്കാരിയുടെ കുടുംബം പ്രവേശിക്കരുതെന്നും ഇവരുമായി നേരിട്ടോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മൂന്നാം കക്ഷി മുഖേനയോ ആശയവിനിമയം നടത്തരുതെന്നും കോടതി ഉത്തരവിട്ടു. ഹരജിക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രാദേശിക പോലീസ് മേധാവിക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ എട്ടിന് ഹരജി വീണ്ടും പരിഗണിക്കും.
ALSO READ: 17കാരനെ പീഡിപ്പിച്ച മന്ത്രവാദിക്ക് 17 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും



