04
Apr 2026
Sat
04 Apr 2026 Sat
wayanad relief fund sunny joseph

Wayanad relief fund കണ്ണൂര്‍: വയനാട് മുണ്ടക്കൈ- ചൂരല്‍മല അതിജീവിതര്‍ക്കായി പിരിച്ച പണത്തെ കുറിച്ച് അവിശ്വസനീയമായ കണക്കവതരിച്ച് കെപിസിസി പ്രസിഡന്റ്. പിരിച്ച പണത്തേക്കാള്‍ കൂടുതല്‍ ചെലവായെന്നും വീട് വച്ചുനല്‍കാന്‍ കോണ്‍ഗ്രസിന്റെ കയ്യില്‍ പണമില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വീട് നിര്‍മിക്കാന്‍ ഇനിയും പണം ആവശ്യമുണ്ട്. അതിന് വേണ്ടി പിരിവ് നടത്തില്ല. പാര്‍ടി ഫണ്ടില്‍ നിന്നും പണം കണ്ടെത്തണമെന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട് നിര്‍മിക്കാനായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് 5.38 കോടി (5,38,21,632) രൂപയാണെത്തിയത്. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് പിരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈകളിലെത്തി. ഇതില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ പണപ്പിരിവിനുള്ള ആപ്പ് നിര്‍മിക്കാന്‍ നല്‍കി.

രണ്ട് ഘട്ടമായി സ്ഥലം വാങ്ങിയയോടെ പണം തീര്‍ന്നു. കെപിസിസി ഫണ്ടില്‍ നിന്ന് 97 ലക്ഷം രൂപ കൂടി മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമുണ്ട്. അത് കെപിസിസി-എഐസിസി ഫണ്ടില്‍ നിന്നും കണ്ടെത്തുമെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.

ALSO READ: ഡേറ്റിങ് ആപ്പുകളില്‍ വിവാഹേതര ബന്ധം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷം!; സ്ത്രീകളുടെ എണ്ണത്തില്‍ 148 ശതമാനം വര്‍ധന

അതേസമയം, പിരിച്ചെടുത്ത പണം ഉപയോഗിച്ച് മൂന്ന് പ്ലോട്ടുകളായി സ്ഥലം വാങ്ങിയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലാണ് ഫണ്ട് നിക്ഷേപിച്ചിരുന്നതെന്നും ഭൂമി വാങ്ങാന്‍ പിരിച്ചതിനേക്കാള്‍ കൂടുതല്‍ തുക വേണ്ടിവന്നപ്പോള്‍ കെപിസിസി അക്കൗണ്ടില്‍ നിന്ന് പണമെടുത്തെന്നും വേണുഗോപാലും ആവര്‍ത്തിച്ചു. എന്നാല്‍ കൃത്യമായി എത്ര തുക പിരിച്ചെന്നോ, ഭൂമി വാങ്ങാന്‍ എത്ര ചിലവായെന്നോ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പ്രകോപിതനായി വിഡി സതീശന്‍

ദേശാഭിമാനിയും കൈരളി ന്യൂസും മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും ഇനി ഒരു ചോദ്യവും ചോദിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ന് രാവിലെ കാസര്‍ഗോഡ് വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് സതീശന്‍ പ്രകോപിതനായത്. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അക്കൗണ്ടില്‍ ഇനി പണമില്ലെന്ന കെ സി വേണുഗോപാലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ചപ്പോഴായിരുന്നു സതീശന്റെ പ്രകോപനപരമായ പ്രതികരണം.

മാധ്യമങ്ങളുടെ ചോദ്യത്തിന്, വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം കണക്ക് പറയാമെന്നും പറഞ്ഞ് സതീശന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് കെ സി വേണുഗാപോലിന്റെ പ്രസ്താവനയെ കുറിച്ച് കൈരളി ചോദ്യം ചോദിച്ചപ്പോഴാണ് സതീശന്‍ പ്രകോപിതനായതും ദേശാഭിമാനിക്കും കൈരളിക്കും മറുപടി നല്‍കില്ലെന്നും പറഞ്ഞത്.