18
Apr 2026
Sat
18 Apr 2026 Sat
Noida loan app center

നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ച ലോണ്‍ ആപ് കേന്ദ്രം പ്രവര്‍ത്തിച്ചത് ഐടി പാര്‍ക്കിനു സമാനമായി. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശിലെ നോയിഡയിലുള്ള ലോണാപ്പ് കേന്ദ്രം റെയ്ഡ് ചെയ്ത കേരളാ പൊലീസ് കണ്ടത് അതാണ്. ഇവിടുത്തെ സജ്ജീകരണങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു ഐടി പാര്‍ക്കിനു സമാനമായ രീതിയിലുളള സംവിധാനങ്ങളാണ് അവിടെ കണ്ടത്. ഒട്ടേറെപ്പേര്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നു, ലോണുകള്‍ നല്‍കുകയും പണമടയ്ക്കാന്‍ കാലതാമസം വന്നാല്‍ ലോണെടുത്തവരേയും അവരുമായി ബന്ധമുള്ളവരേയും വിളിച്ച് നിരന്തരം ഉപദ്രവിക്കുന്നതും ഇതേ കേന്ദ്രത്തില്‍ നിന്നുതന്നെ. ആധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് ഇവര്‍ ലോണ്‍ ആപ് കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് വ്യക്തം.

ALSO READ: ഒന്നിലധികം രസഗുള എടുത്തു കഴിച്ചു; വിവാഹ ചടങ്ങിനെത്തിയ 11 വയസ്സുകാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടു

സാധാരണ മൊബൈല്‍ഫോണ്‍ സംവിധാനത്തിലൂടെയല്ല ഇവര്‍ ആളുകളുമായി ബന്ധപ്പെട്ടിരുന്നത്. വിവിധ സിമ്മുകളിലൂടെ കോളുകള്‍ കൈമാറി പോകുന്ന സിം ബോക്‌സ് സംവിധാനത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ കണ്ടെത്താതിരിക്കാനാണ് ഇത്. രാജ്യാന്തരകോളുകളെ ലോക്കല്‍ കോളുകളായി മാറ്റാവുന്ന രീതിയിലായിരുന്നു ഈ സംവിധാനം.

ഇവിടെനിന്ന് ഏതാണ്ട് മുപ്പതോളം സിമ്മുകളും കണ്ടെടുത്തിരുന്നു. അതേസമയം പ്രതികളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നത് ആദ്യഘട്ടത്തില്‍ സംഘത്തെ അല്‍പം വലച്ചു. എന്നാല്‍ ഒരു മൊബൈല്‍ഫോണ്‍ ഓണ്‍ ആയതോടെ സൈബര്‍സംഘം പ്രതികളിലേക്കെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളായ മൂന്ന് പ്രതികളെ നോയിഡയില്‍ നിന്ന് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥി ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഇതില്‍ ഒരു അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ നിതിന്റെ മരണത്തിനു 25മിനിറ്റ് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ലതയെന്ന ടീച്ചര്‍ക്ക് ലോണ്‍ ആപുകാരില്‍ നിന്നും നിരവധി കോളുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതുപോലെ തോന്നുംവിധത്തില്‍ നാല് അധ്യാപകരും പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെ ടീച്ചര്‍ തന്റെ മൊബൈല്‍ പ്രിന്‍സിപ്പലിന് കൈമാറുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ നിതിന്‍ രാജിന്റെ മരണത്തില്‍ വളരെ നിര്‍ണായകമാണ്.