Hormuz Strait ടെഹ്റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു. ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യം വെക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. കടലിടുക്ക് തുറന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ഇറാന്റെ ഈ നാടകീയമായ പിന്‍മാറ്റം.
|
ഉപരോധത്തിന് മറുപടി
ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ IRGC വ്യക്തമാക്കി. നിലവിലെ യുഎസ്-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് ഈ ഉപരോധമെന്നും ഇറാന്‍ ആരോപിക്കുന്നു.
‘പേര്‍ഷ്യന്‍ ഗള്‍ഫിലോ ഒമാന്‍ കടലിലോ ഉള്ള ഒരു കപ്പലും ഹോര്‍മുസ് കടലിടുക്കിലേക്ക് നീങ്ങരുത്. ഈ നിയമം ലംഘിക്കുന്നവര്‍ ശത്രുക്കളുമായി സഹകരിക്കുന്നവരായി കണക്കാക്കപ്പെടും, അത്തരം കപ്പലുകളെ ആക്രമിക്കും,’ ഐആര്‍ജിസി അറിയിച്ചു.
ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്
ശനിയാഴ്ച കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഗണ്‍ബോട്ടുകള്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും (UKMTO) ഈ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകനേതാക്കളുടെ ആശങ്ക
ഇസ്രായേലും ലെബനനും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി വെള്ളിയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കടലിടുക്ക് തുറന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ നിലപാട് മാറ്റിയത് ലോകരാജ്യങ്ങളെ നിരാശയിലാക്കിയിരിക്കുകയാണ്.
അമേരിക്കയുടെ പ്രതികരണം
ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് ഇറാന്‍ അമേരിക്കയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ നോക്കേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ബുധനാഴ്ചയ്ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയായില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ശത്രുക്കള്‍ക്ക് മേല്‍ കനത്ത പരാജയം ഏല്‍പ്പിക്കാന്‍ തങ്ങളുടെ നാവികസേന സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയും അനിശ്ചിതത്വവും വര്‍ദ്ധിച്ചിരിക്കുകയാണ്.




