കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിചിത്ര സര്‍ക്കുലര്‍ പുറപ്പെടുവിച്ച് വൈസ് ചാന്‍സലര്‍. പ്രതിഷേധം ശക്തമായതിനെ സര്‍ക്കുലര്‍ പിന്‍വലിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശങ്കരജയന്തി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ എത്തുന്നതുമായി ബന്ധപ്പെട്ടാണ് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്.
|
അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒപ്പിട്ട സര്‍ക്കുലറില്‍ വിസി നിര്‍ദേശിച്ച പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങളാണ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയിരുന്നത്. ഗവര്‍ണര്‍ എത്തുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ചടങ്ങ് തീരുന്നത് വരെ അനാവശ്യ ചലനങ്ങള്‍ പാടില്ല തുടങ്ങിയവയായിരുന്നു വിചിത്ര നിര്‍ദേശങ്ങള്‍.
സദസ്സിലെ കയ്യടികള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ മടങ്ങുന്നത് വരെ ആരും ഹാള്‍ വിട്ട് പുറത്തുപോകാന്‍ പാടില്ല. മൊബൈല്‍ ഫോണുകള്‍ നിര്‍ബന്ധമായും സൈലന്റ് മോഡിലാക്കണം. അനുവാദമില്ലാതെ ഗവര്‍ണറുടെ അടുത്തേക്കോ വേദിയിലേക്കോ പ്രവേശിക്കാന്‍ പാടില്ല എന്നും നിര്‍ദേശങ്ങളുണ്ടായിരുന്നു.
സര്‍വകലാശാലയിലെ എല്ലാ വകുപ്പുകള്‍ക്കും നല്‍കിയ ഈ സര്‍ക്കുലറിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി. രാജവാഴ്ച്ചക്കാലം അവസാനിച്ചത് ഗവര്‍ണര്‍ അറിഞ്ഞില്ലേ എന്ന ചോദ്യമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ജനാധിപത്യപരമായ മര്യാദകള്‍ ലംഘിക്കുന്ന നിര്‍ദേശങ്ങളാണിവ എന്ന വിമര്‍ശനം ഉയര്‍ന്നതോടെ വിസി സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.





