പാമ്പിനെയും കീശയിലിട്ട് അങ്ങാടിയിലെത്തിയ അതിഥിത്തൊഴിലാളി ഒടുവില്‍ ആശുപത്രിയിലായി. പലതവണ പാന്റ്സിന്റെ കീശയിലിട്ടും എടുത്തും ഷോ കാണിച്ച ഇയാള്‍ക്ക് അവസാനം കടിയേല്‍ക്കുകയുംചെയ്തു.
|
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മലപ്പുറം എടവണ്ണ ഒതായി അങ്ങാടിയിലായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് ഇയാള്‍. അണലി കുഞ്ഞിനെയും കീശയിലിട്ട് അങ്ങാടി ചുറ്റിയ ഇയാളെ ഒടുവില്‍ നാട്ടുകാര്‍ കഠിനമായി ശാസിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ലഹരിയിലാണെന്നും അടി കൊള്ളാത്തതിന്റെ കേടാണെന്നുമൊക്കെ നാട്ടുകാര്‍ ശകാരിച്ചു. ‘വേറെ പണിയൊന്നുമില്ല ചേട്ടാ…’ എന്നും പറഞ്ഞ് അയാള്‍ പിന്നെയും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി. കീശയില്‍ കൈയിടവേ കടിയേറ്റതിന്റെ വേദന കൊണ്ട് പുളയുന്നതും കാണാമായിരുന്നു.
ഇതിനിടെ പാമ്പുകടിയേറ്റാലുള്ള പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ വിവരിച്ചു കൊടുത്തു. ഇതോടെ ഇയാള്‍ക്ക് പേടിയായി. കൈവിരലുകള്‍ക്കിടയിലെ കടിയേറ്റ പാടുകള്‍ ആളുകളെ കാണിക്കാന്‍ തുടങ്ങി. പിന്നെ പാമ്പിനെയെടുത്ത് ഒരു പ്ലാസ്റ്റിക് കവറിലാക്കി. തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു നടന്നു. ഇതിനിടെ പേടികൂടി ഇയാള്‍ക്ക് ബോധവും പോയി. അതൊക്കെ പുള്ളിയുടെ അഭിനയമാണെന്ന് ചിലര്‍ പ്രതികരിച്ചു.
മദ്യത്തിന്റെയോ മറ്റോ ലഹരിയിലാണ് ഇയാളുടെ പ്രകടനമെന്ന് നാട്ടുകാര്‍ പറയുന്നു. മൃതപ്രാണനിലയിലുള്ള അണലി വര്‍ഗത്തില്‍പെട്ട പാമ്പായിരുന്നു ഇയാള്‍ കീശയില്‍ കൊണ്ടുനടന്നിരുന്നതെന്ന് ഒതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. എങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ വിട്ടു. ഇയാള്‍ അപകടനില തരണംചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.



