തിരുവനന്തപുരം: വയറുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ യുവാവ് സ്‌കാനിങ് റിപോര്‍ട്ട് കണ്ട് ഞെട്ടി. ഗര്‍ഭപാത്രത്തില്‍ പ്രശ്‌നമുണ്ടെന്ന റിപോര്‍ട്ടാണ് പരിശോധനാ ഫലമായി നല്‍കിയത്. കഴക്കൂട്ടം നെഹ്‌റു ജങ്ഷന്‍ സ്വദേശി ഷിഹാസിന് (24) ആണ് ഈ വിചിത്ര അനുഭവം. റിപ്പോര്‍ട്ട് മാറി യുവതിയുടേത് നല്‍കിയതാണോ അതോ സ്‌കാനിങ്ങിലെ പിഴവാണോയെന്ന് വ്യക്തമല്ല.
|
ഫെബ്രുവരി 15-നാണ് വയറുവേദനയെത്തുടര്‍ന്ന് ഷിഹാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. വൃക്കയില്‍ കല്ലാണെന്നുള്ള സംശയത്തെത്തുടര്‍ന്നാണ് സ്‌കാനിങ്ങിന് നിര്‍ദേശിച്ചത്. ആശുപത്രിയിലെ പുതിയ സ്‌കാനിങ് സെന്ററിലാണ് ഏപ്രില്‍ 16ന് പരിശോധന നടത്തിയത്.
റിപ്പോര്‍ട്ട് വൈകുമെന്ന് അറിയിച്ചതിനാല്‍ ഷിഹാസ് ഏതാനും ദിവസം മുമ്പാണ് റിപ്പോര്‍ട്ട് വാങ്ങാനെത്തിയത്. കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ടുമായി ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാന്‍ എത്തിയപ്പോഴാണ് ഗര്‍ഭ പാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം കണ്ടത്.
തിരിച്ച് മെഡിക്കല്‍ കോളേജില്‍ എത്തി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ലാബിലെ ജീവനക്കാര്‍ റിപ്പോര്‍ട്ട് വാങ്ങി ചുരുട്ടിക്കളഞ്ഞതായും ഇതില്‍ പ്രതിഷേധിച്ചതോടെയാണ് പുതിയ പ്രിന്റ് നല്‍കിയതെന്നും ഇദ്ദേഹം പറയുന്നു.
ഗര്‍ഭപാത്രത്തിന്റെ വിവരങ്ങള്‍ മാത്രം ഒഴിവാക്കി പഴയ റിപ്പോര്‍ട്ട് തന്നെയാണ് നല്‍കിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിനെതിരേ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിനും ഷിഹാസ് പരാതി നല്‍കി.



