28
Apr 2026
Tue
28 Apr 2026 Tue
idukki Nedunkandam double murder

നെടുങ്കണ്ടം (ഇടുക്കി): ഏപ്രില്‍ 10 മുതല്‍ മാതാവ് മേരിക്കുട്ടിയെയും സഹോദരന്‍ റെജിയെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ട് മകള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിനു സമീപത്തെ പറമ്പില്‍ രണ്ടു പേരെയും കൊന്ന് കുഴിച്ചിടുകയായിരുന്നു. പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കുംശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് ഇടുക്കി എസ്.പി. സാബുമാത്യു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന, മേരിക്കുട്ടിയുടെ ഇളയമകന്‍ സജി (43), പോലീസിനെ കണ്ട് ഓടിപ്പോയി. ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ന് രാവിലെ മുതല്‍ ഡ്രോണുകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ പരിസരത്തുള്ള കാട്ടില്‍ അന്വേഷണം നടത്തും.

മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകള്‍ സിനി ഞായറാഴ്ചയാണ് പരാതി നല്‍കിയത്.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍നിന്ന് പുറത്തേക്കുനില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒരേകുഴിയില്‍ ആയിരുന്നു. വേഗം ജീര്‍ണിക്കുന്നതിനും ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില്‍ കുമ്മായം വിതറിയിരുന്നു.

പോലീസ് പറയുന്നത് 

ഏപ്രില്‍ 10 മുതല്‍ മേരിക്കുട്ടിയെയും മൈക്ക് ഓപ്പറേറ്ററായ റെജിയെയും കാണാനില്ലായിരുന്നു. നാട്ടുകാര്‍ ഇവരെപ്പറ്റി തിരക്കിയപ്പോള്‍, ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിന് തിരുവല്ലയില്‍ ആണെന്നും മേരിക്കുട്ടിയുടെ ചികിത്സയ്ക്കായി തേനി മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയെന്നും മറ്റും സജി പറഞ്ഞിരുന്നു. പലരോടും പലരീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് ഇവര്‍, നെടുങ്കണ്ടം പോലീസില്‍ രണ്ടുപേരെയും കാണാതായതില്‍ അസ്വാഭാവികതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് സിനി നെടുങ്കണ്ടം പോലീസില്‍ പരാതിനല്‍കിയത്.

NEDUMKANDAM CRIME HOME

ഞായറാഴ്ച വൈകീട്ട് നെടുങ്കണ്ടം പോലീസ് ഇവരുടെ വീടിനുസമീപത്ത് എത്തി. ഈ സമയം യാത്രപോകാന്‍ തയ്യാറെടുത്തവിധം ബാഗുമായി റോഡിനുസമീപം നില്‍ക്കുകയായിരുന്ന സജി, പോലീസിനെ കണ്ട് ഓടിപ്പോകുകയായിരുന്നു. വൈകീട്ടോടെ സമീപത്തെ മലയില്‍നിന്ന് ഇയാളുടെ ബാഗ് കണ്ടെത്തി. മദ്യപിച്ച് സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കട്ടപ്പന ഡിവൈ.എസ്.പി. ഷാജന്‍, നെടുങ്കണ്ടം സി.ഐ. കെ.എല്‍. തോമസ് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പിതാവിന്റെ തിരോധാനവും ദുരൂഹം

എട്ട് വര്‍ഷം മുമ്പ് ഇവരുടെ അച്ഛന്‍ മാത്യുവിനെ കാണാതായതും സംശയം ജനിപ്പിക്കുന്നു. മാത്യു സുവിശേഷകനായിരുന്നു. 2018-ല്‍ മാത്യുവിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പരാതി തന്നിരുന്നുവെന്നും ഇതിന്മേല്‍ അന്വേഷണം നടക്കുകയാണെന്നും നെടുങ്കണ്ടം പോലീസ് പറഞ്ഞു.

മാത്യുവിന്റെ തിരോധാനവും ഇതോടൊപ്പം അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

നാടുണര്‍ന്നത് ഇരട്ടക്കൊലപാതക വാര്‍ത്തകേട്ട്

നാട്ടുകാരുടെ സംശയം തിരച്ചിലിന് വഴിമാറിയതോടെയാണ് കൊലപാതകത്തിന് ആദ്യ തുമ്പ് ലഭിച്ചത്. പട്ടിക്കൂടിന് സമീപം മണ്ണ് ഇളകി കിടക്കുന്നതുകണ്ട് മണ്ണ് ചെറുതായി നീക്കിയപ്പോള്‍തന്നെ ജീന്‍സ് ധരിച്ച അഴുകിയ കാല്‍ പുറത്തുകണ്ടു. ഇതോടെ കൊലപാതകം ഉറപ്പിച്ചു. മരിച്ചത് റെജി ആണെന്ന സംശയം ബലപ്പെട്ടു. അമ്മ മേരിക്കുട്ടി എവിടെയെന്നായി അടുത്ത ചോദ്യം. ഉടന്‍ പോലീസ് എത്തുകയും പ്രദേശം ബന്തവസാക്കുകയും ചെയ്തു. 1.45-ഓടെ, നാട്ടുകാരുടെ സഹായത്തോടെ ഫൊറന്‍സിക് സംഘം മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ സംശയിച്ചതുതന്നെ സംഭവിച്ചു. ഒരുപുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി.

ALSO READ: 75 സീറ്റുകളുമായി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും; പ്രവചനവുമായി എന്‍എസ് മാധവന്‍

പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നെടുങ്കണ്ടം പച്ചടി റോഡില്‍നിന്ന് അധികം ദൂരമില്ലെങ്കിലും ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകള്‍ കുറവാണ്. ഏറ്റവും അടുത്തുള്ള വീട്ടുകാര്‍ മൂന്നുമാസം മുമ്പ് വാടകയ്ക്ക് വന്ന് താമസിക്കുന്നവരും. വീട്ടില്‍ വലിയ ശബ്ദം ഉണ്ടായാലും അടുത്തുള്ളവര്‍ കേള്‍ക്കണമെന്നില്ല.

നാല് മക്കളാണ് മാത്യു-മേരിക്കുട്ടി ദമ്പതിമാര്‍ക്ക്. സജിയെയും റെജിയെയും സിനിയെയും കൂടാതെ മാനസിക വെല്ലുവിളി നേരിടുന്ന ഏറ്റവും ഇളയ സഹോദരികൂടി ഇവര്‍ക്കുണ്ട്. ഇവര്‍ ജില്ലയിലെ ഒരു ഷെല്‍ട്ടര്‍ഹോമിലാണ് കഴിയുന്നത്.

ഇരട്ടക്കൊലയ്ക്കുശേഷവും സജി അക്ഷോഭ്യന്‍

അമ്മയെയും ജ്യേഷ്ഠനെയും കൊലപ്പെടുത്തിയ ശേഷവും ആരോപണവിധേയനായ സജിയുടെ പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ഇയാളുടേത്. മേസ്തിരിപ്പണിയും മറ്റ് ജോലികളും ചെയ്തുവരുകയായിരുന്നു.

മദ്യപിച്ചെത്തി സഹോദരങ്ങള്‍തമ്മില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. എന്നാലും നാട്ടുകാരോട് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. വിവാഹം നടക്കാത്തതിലും സജി അസ്വസ്ഥനായിരുന്നു. ഇതിനിടെ വരുന്ന 30-ന് നെടുങ്കണ്ടത്ത് തന്റെ വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞ് സജി പരിചയക്കാരെയും ബന്ധുക്കളെയും എല്ലാം ക്ഷണിച്ചിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് തെളിഞ്ഞു.

കൂടാതെ, താമസിക്കുന്ന വീടും ഒന്നരയേക്കര്‍ സ്ഥലവും പാട്ടത്തിന് കൊടുക്കാന്‍ പോകുകയാണെന്നും പലരോടും പറഞ്ഞു. ഇതൊക്കെ എന്തിനായിരുന്നുവെന്നും, കൊലപാതകം മറയ്ക്കാനുള്ള എന്തെങ്കിലും തന്ത്രം മെനയുകയായിരുന്നോ എന്നുമാണ് സംശയം.