അജ്മാന്‍: ഇന്‍സ്റ്റഗ്രാമിലെ ഒരു നിസാര കമന്റിന്റെ പേരില്‍ പ്രവാസി യുവതി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ എമിഗ്രേഷന്‍ നടപടികള്‍ക്കിടെയാണ് അധികൃതര്‍ തടഞ്ഞത്. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ യുഎഇയിലെ സൈബര്‍ നിയമം എത്രത്തോളം കര്‍ശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
|
അജ്മാന്‍ പോലീസ് സ്ട്രാറ്റജി ആന്‍ഡ് പെര്‍ഫോമന്‍സ് ഡെവലപ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. മുഹമ്മദ് ബിന്‍ ഹാസിം അല്‍ സുവൈദിയാണ് കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
സംഭവത്തിന്റെ പശ്ചാത്തലം:
മറ്റൊരു സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ, ബാഗ് ഒറിജിനല്‍ അല്ലെന്ന അര്‍ത്ഥത്തില്‍ ‘വ്യാജമാണ്’ എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് മറ്റു ചിലര്‍ കൂടി ചിത്രത്തിന് താഴെ പരിഹാസവുമായി എത്തിയതോടെ ബാഗിന്റെ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓണ്‍ലൈന്‍ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞത്. അജ്മാനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ അവിടേക്ക് മാറ്റുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു രാത്രി കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. ഒടുവില്‍ ഇരുവിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്.
സൈബര്‍ നിയമം ശ്രദ്ധിക്കുക:
യുഎഇയിലെ സൈബര്‍ ക്രൈം നിയമപ്രകാരം സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തലുകള്‍ക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പരാതി പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ 2.5 ലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കുമായിരുന്നു. വെറും തമാശയ്‌ക്കോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങള്‍ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കില്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കപ്പെടുമെന്ന് അല്‍ സുവൈദി ഓര്‍മ്മിപ്പിച്ചു.



