മുഖ്യമന്ത്രി കടമ്പ കടന്നതോടെ വി.ഡി. സതീശനെ കാത്തിരിക്കുന്നത് മന്ത്രിസഭാ രൂപീകരണമെന്ന അഗ്നി പരീക്ഷ. ഏറെ സീനിയറായ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്തുമോ എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം. നിലവില്‍ എംഎല്‍എ പദവി വരെ രാജിവയ്ക്കുമെന്ന സൂചനയുമായി കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ് ചെന്നിത്തല.
|
ചെന്നിത്തല ചേരാന്‍ തീരുമാനിച്ചാല്‍ ആഭ്യന്തരവകുപ്പുതന്നെ നല്‍കേണ്ടിവരും. മന്ത്രിസഭയിലേക്കില്ലെങ്കില്‍ എന്ത് പദവിയാകും നല്‍കുകയെന്നതും പ്രധാനമാണ്. സംഘടനാപരമായ വലിയ ഉത്തരവാദിത്വങ്ങളിലേക്ക് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.
എം.എല്‍.എ.മാരില്‍ വലിയ ഭൂരിപക്ഷമുള്ള കെ.സി. വേണുഗോപാലിന്റെ താല്‍പ്പര്യം മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ കണക്കിലെടുക്കേണ്ടിവരും. രാഹുല്‍ ഗാന്ധി നല്‍കിയ ഈ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് കെസി അവാസന നിമിഷം കീഴടങ്ങിയത്.
ALSO READ: അവഗണന സഹിക്കാനാവില്ല; എംഎല്‍എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ചെന്നിത്തല
എട്ടു മന്ത്രിമാരെയും മുന്തിയ വകുപ്പുകളും കെ.സി. പക്ഷം ആവശ്യപ്പെടുന്നുവെന്ന് സൂചനയുണ്ട്. അഞ്ച് എം.എല്‍.എ.മാര്‍ക്ക് ഒരു മന്ത്രിയെന്ന സൂത്രവാക്യമാണ് ഇതിന് ആധാരം. വേണുഗോപാലിന് കോണ്‍ഗ്രസിലെ 40ലേറെ എംഎല്‍മാരുടെ പിന്തുണയുണ്ട്.
കടിഞ്ഞാണ്‍ കെസിക്ക് കൈമാറാന്‍ സതീശന്‍ സമ്മതിക്കുമോ?
മന്ത്രിസഭയുടെ കടിഞ്ഞാണ്‍ കെ.സി.യിലേക്കെത്തുന്നതിനോട് സതീശന്‍ യോജിക്കാനിടയില്ല. മുഖ്യമന്ത്രിക്കു വിശ്വാസമുള്ള മന്ത്രിസഭയല്ലെങ്കില്‍ കൂട്ടുത്തരവാദിത്വത്തെത്തന്നെ ബാധിക്കാമെന്ന അപകടമുണ്ട്. ആഭ്യന്തരംപോലെ മര്‍മപ്രധാനമായ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈവശംവെക്കുകയാണ് സാധാരണ പതിവ്. ആഭ്യന്തരം അദ്ദേഹം കൈവിടാന്‍ സാധ്യതയില്ല. ഹൈക്കമാന്‍ഡിന്റെകൂടി ഇടപെടലിലാകും അന്തിമധാരണയുണ്ടാക്കുക. നേരത്തേ ഉമ്മന്‍ ചാണ്ടി സമവായത്തിന്റെ ഭാഗമായി ആഭ്യന്തരം കൈയൊഴിഞ്ഞിരുന്നു.
പുതിയ കെപിസിസി പ്രസിഡന്റ് ആരാവും?
സണ്ണി ജോസഫ് മന്ത്രിസഭയില്‍ ചേരുമെന്നതിനാല്‍ കെ.പി.സി.സി.ക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടിവരും. പാര്‍ട്ടിയെ ഒന്നിപ്പിക്കുന്നതും മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണ നല്‍കുന്നതുമായ പ്രസിഡന്റിനെ കണ്ടെത്തുകയെന്നത് ചില്ലറ അധ്വാനമല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെങ്കില്‍ അദ്ദേഹത്തിന്റെ താത്പര്യംകൂടി മന്ത്രിസഭാ രൂപവത്കരണത്തില്‍ കണക്കിലെടുക്കേണ്ടിവരും. അതുള്‍ക്കൊള്ളാന്‍ സതീശന് പ്രയാസം കാണില്ലെന്നാണ് നിഗമനം.



