എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തിനു ശേഷം പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായ ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളില്‍ തട്ടുകയും ചെയ്തു.
|
സഭയില്‍ 133-ാമത് അംഗമായാണ് പിണറായി സത്യപ്രജ്ഞ ചെയ്തത്. സുധാകരനും തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്തു.
കഴിഞ്ഞ ദിവസമാണ് പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായി ഭരണപക്ഷനിരയിലെ മുതിര്‍ന്ന അംഗം ജി. സുധാകരന്‍ ചുമതലയേറ്റത്. ബുധനാഴ്ച ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. സി.പി.എം മുന്‍നേതാവായ സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ എം.എല്‍.എ. കൂടിയായിരുന്നു.
അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച ജി. സുധാകരനു മുന്നില്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയ ഒന്നായിരുന്നു.
രാവിലെ ഒമ്പതിനാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാമതായി പാറക്കല്‍ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരിയില്‍ നിന്നുള്ള ജനപ്രതിനിധി സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് സഭയില്‍ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നത്തെ സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മാത്രമാണ് നടന്നത്.
തുടര്‍ന്ന് നാളെ രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും. 23 മുതല്‍ 28 വരെ സഭ ചേരില്ല. 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഒന്നു മുതല്‍ മൂന്നുവരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേല്‍ ചര്‍ച്ച നടക്കും.



