കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു. ആളപായമില്ല. രാവിലെ 11.10 ന് ആണ് സംഭവം. നവീകരണം നടക്കുന്ന സ്റ്റേഷനിലെ 150 ല്‍ ഏറെ വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ പഴയ സ്റ്റേഷന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിന്റെ ഭാഗമാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് തകര്‍ന്നു വീണത്. തകര്‍ന്നു വീണ അവശിഷ്ടങ്ങള്‍ നീക്കാനുള്ള നടപടി തുടങ്ങി.
|
കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകള്‍ വൈകുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12.15 നുള്ള വിവരമനുസരിച്ച് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
പ്ലാറ്റ്‌ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് ഷീറ്റുകള്‍ ഉള്‍പ്പെടെ കെട്ടിട അവശിഷ്ടങ്ങള്‍ വീണത്. മുന്‍കരുതലിന്റെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി ഓഫ് ചെയ്തതാണ് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചത്. ഉച്ചയ്ക്ക് 2.05 ന് പുറപ്പെടേണ്ട കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതിനിടെയാണ് കാലപ്പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നത്. അപകടം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അവശിഷ്ടങ്ങള്‍ മാറ്റാന്‍ സമയമെടുക്കുമെന്നു റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസും ആര്‍പിഎഫ് ഓഫിസും ഉള്‍പ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകര്‍ന്നത്.
ബുധനാഴ്ച കെട്ടിടത്തിനു വിള്ളല്‍ കണ്ടതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് യാത്രക്കാരെ ഇതിനു പരിസരത്തുനിന്നും മാറ്റിയിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച അപായ റിബണും മറ്റും ഉപയോഗിച്ച് സ്ഥലത്തേക്ക് പ്രവേശനം തടഞ്ഞതാണ് ആളപായം ഒഴിവാക്കാന്‍ സഹായമായത്.
വിള്ളലിനെ തുടര്‍ന്ന് ഈ കെട്ടിടത്തിന്റെ ഭാഗം പൊളിക്കാനും വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിനായുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ്, ആര്‍പിഎഫ്, പൊലീസ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.
പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ സ്ഥലത്തെത്തി. കാലപ്പഴക്കമുള്ള കെട്ടിടം പൊളിക്കാത്തത് റെയില്‍വേ അധികാരികളുടെ ഭാഗത്തുളള അനാസ്ഥയാണെന്നും ഇത്തരത്തില്‍ നവീകരണം നടക്കുന്ന സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Kozhikode railway station building collapse





