തിരുവമ്പാടി: 40 വര്‍ഷംമുന്‍പ് നടന്ന രണ്ടു കൊലപാതകങ്ങളെ കുറിച്ച് മുഹമ്മദലി നടത്തിയ വെളിപ്പെടുത്തലില്‍ ഒടുവില്‍ തുമ്പ് കിട്ടിയ ആശ്വാസത്തില്‍ പോലീസ്. രണ്ടുപേരെ താന്‍ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തിയെങ്കിലും അത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
|
എന്നാല്‍, പോലീസിന്റെ ഒരുവര്‍ഷംനീണ്ട അന്വേഷണത്തിനൊടുവില്‍ കേസില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. 14-ാം വയസ്സില്‍ തിരുവമ്പാടി കൂടരഞ്ഞിയില്‍വെച്ച് മുഹമ്മദലി കൊലചെയ്തത് കണ്ണൂര്‍ കുടിയാന്മല പൊട്ടന്‍പ്ലാവ് പടിക്കാപമ്പില്‍ രാഘവന്റെ മകന്‍ മോഹനനെ ആണെന്ന് തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.
ശാസ്ത്രീയതെളിവുകള്‍ ഒന്നുമില്ലാത്ത കേസില്‍ സഹോദരിയടക്കമുള്ള ബന്ധുക്കളുടെയും മറ്റും മൊഴിയുടെ അടിസ്ഥാനത്തിലാണ് മരിച്ചത് മോഹനനാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മനസ്സാക്ഷിക്കുത്തില്‍ സങ്കടപ്പെട്ടിരുന്ന മുഹമ്മദലിക്കും ആശ്വാസമായിരിക്കുകയാണ്.
ബന്ധുക്കളെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്
മുഹമ്മദലി വെളിപ്പെടുത്തല്‍ നടത്തിയത് ഒരുവര്‍ഷം മുന്‍പാണെങ്കിലും ഏതാനുംമാസം മുന്‍പാണ് മോഹനന്റെ ബന്ധുക്കള്‍ തിരുവമ്പാടി പോലീസിനെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ അവിടെയെത്തി അന്വേഷണംനടത്തി. മോഹനന്‍ കൂടരഞ്ഞിയില്‍ ജോലിക്കുപോയത്, പിന്നീട് അവിടെവെച്ച് വെള്ളത്തില്‍വീണു മരിച്ചത്, അച്ഛന്റെ സഹോദരന്‍ വിവരമറിഞ്ഞ് സ്റ്റേഷനില്‍പ്പോയത്, ഫോട്ടോകണ്ട് മോഹനനാണ് മരിച്ചതെന്ന് അന്ന് സ്ഥിരീകരിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിനിടെ സഹോദരി രാധ പോലീസിനോടു വെളിപ്പെടുത്തി.
മോഹനന്‍ കൂടരഞ്ഞിയില്‍ ജോലിക്കുപോയപ്പോള്‍ വെള്ളത്തില്‍വീണ് മരിച്ചത് ബന്ധുക്കള്‍ക്ക് അറിയാമെങ്കിലും കൊല്ലപ്പെട്ടതാണെന്ന് ഇപ്പോഴാണ് വ്യക്തമായത്. അന്ന് ഒന്നരവര്‍ഷം കഴിഞ്ഞാണ് മോഹനന്‍ മരിച്ചവിവരം ബന്ധുക്കള്‍ അറിയുന്നത്. അതിനുമുന്‍പേ അജ്ഞാതമൃതദേഹമായി അടക്കംചെയ്തിരുന്നു.
1986-ല്‍ നടന്ന സംഭവമായതിനാല്‍ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് മാത്രമാണ് പോലീസിനു ലഭിച്ചത്. അപസ്മാരമുണ്ടായിരുന്ന ആളുടേത് സ്വാഭാവികമരണമായേക്കുമെന്നാണ് മരണസമയത്ത് ആളുകള്‍ പറഞ്ഞിരുന്നത്. ശ്വാസകോശത്തില്‍ ചെളിയും വെള്ളവും കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
1986ലും 1989ലും നടന്ന കൊലകള്‍
1986 ഡിസംബറില്‍ 14-ാം വയസ്സില്‍ കൂടരഞ്ഞിയിലും 1989-ല്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തും താന്‍ രണ്ടു കൊലപാതകങ്ങള്‍ നടത്തിയെന്നാണ് മലപ്പുറം വേങ്ങര ചേറൂര്‍ കിളിനക്കോട് പള്ളിക്കല്‍ ബസാറില്‍ തൈപറമ്പില്‍ മുഹമ്മദലി (57) കഴിഞ്ഞവര്‍ഷം വേങ്ങര പോലീസ് സ്റ്റേഷനിലെത്തി ഏറ്റുപറഞ്ഞത്. തുടര്‍ന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ ജാമ്യംലഭിച്ച് നാട്ടിലാണ്. കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും. കുറ്റബോധം സൃഷ്ടിച്ച വിങ്ങല്‍ ഉറക്കംപോലും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് കുറ്റം ഏറ്റുപറഞ്ഞതെന്നാണ് മുഹമ്മദലി അന്നു പറഞ്ഞത്. എന്നാല്‍, ആരെയാണ് കൊല ചെയ്തതെന്ന് വെളിപ്പെടുത്താനാവാത്തതിനാല്‍ മുഹമ്മദലി കഥ മെനയുകയാണോ എന്ന് പോലും പോലീസ് സംശയിച്ചിരുന്നു.
കൂടരഞ്ഞി വാതല്ലൂര്‍ ദേവസ്യയുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ശ്രമിച്ചയാളെ തോട്ടിലേക്ക് തള്ളിയിട്ടുകൊന്നുവെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതമൊഴി. ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തള്ളിയിട്ട ഉടന്‍ സ്ഥലംവിടുകയായിരുന്നുവെന്നും രണ്ടുദിവസം കഴിഞ്ഞാണ് മരിച്ചകാര്യം അറിയുന്നതെന്നുമാണ് മുഹമ്മദലി പറഞ്ഞത്.
അന്നത്തെ എസ്.ഐ. ആയിരുന്ന ഒ.പി. തോമസ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും നിര്‍ണായകമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. പോലീസ് രേഖയില്‍ ഉള്ളത് മോഹനന്‍ എന്ന ഒരു പേരുമാത്രമായിരുന്നു. ഈ പേരിന്റെ അടിസ്ഥാനത്തില്‍ പാലക്കാടും കണ്ണൂരുമായിരുന്നു പോലീസ് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. എസ്.ഐ. കെ.എം. ജോര്‍ജ്, സീനിയര്‍ സി.പി.ഒ. സി. ഉജേഷ് തുടങ്ങിയവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
മണലില്‍ പൂഴ്ത്തിക്കൊല്ലാന്‍ ശ്രമിച്ചത് ആരെ?
1989-ല്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് മറ്റൊരാളെ മണലില്‍ മുഖംപൂഴ്ത്തിക്കൊല്ലാന്‍ സഹായിച്ചിട്ടുണ്ടെന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നെങ്കിലും അതില്‍ ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൂടരഞ്ഞി സ്വദേശിയാണ് മുഹമ്മദലി. ആന്റണി എന്നാണ് ആദ്യപേര്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ വീടുവിട്ടുപോയതാണ്. പലയിടത്തും ഹോട്ടല്‍ജോലിയും മറ്റുംചെയ്ത് വരുകയായിരുന്നു. ഏറെക്കാലമായി വീട്ടുകാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് തിരിച്ചെത്തി കൂടരഞ്ഞിയില്‍നിന്ന് വിവാഹംചെയ്‌തെങ്കിലും വിവാഹബന്ധം വേര്‍പെട്ടു. പിന്നീട് വേങ്ങരയില്‍ പോയി മതംമാറി ആന്റണി മുഹമ്മദലിയായി.
തിരിച്ചറിഞ്ഞതില്‍ സന്തോഷം
താന്‍ പറഞ്ഞയാളെ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രതി മുഹമ്മദാലി. ‘ഞാന്‍ അന്ന് കൊലപാതകം നടത്തിയതിന്റെ മൂന്നാംദിവസം മൃതദേഹം കണ്ടെത്തുകയും സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബന്ധുക്കള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ബന്ധുക്കള്‍ക്കിനി മരിച്ചതിനുശേഷം ചെയ്യാനുള്ള കര്‍മങ്ങള്‍ ചെയ്യാമല്ലോ. ഞാന്‍ അന്നുചെയ്ത കുറ്റത്തിന് എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്’ -മുഹമ്മദലി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാമത്തെ കൊലപാതകത്തില്‍ ലഭിച്ചത് ക്രൈംനമ്പര്‍ മാത്രം
മുഹമ്മദലിയുടെ ഏറ്റുപറച്ചിലില്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടയാളെ കണ്ടെത്തിയെങ്കിലും 1989-ല്‍ കോഴിക്കോട് ഗാന്ധിറോഡ് ജങ്ഷനു സമീപത്തെ കടപ്പുറത്ത് വെച്ച് മുഹമ്മദലിയും സുഹൃത്തും ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന്റെ ഒരു സൂചനകളും ലഭിച്ചില്ല.
എഫ്.ഐ.ആര്‍. ഇന്‍ഡക്‌സിലെ ക്രൈം നമ്പര്‍ മാത്രമാണ് പോലീസിന് കിട്ടിയ ഏക തെളിവ്. ആദ്യം അസ്വാഭാവിക മരണമായി രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊലപാതക്കുറ്റമാക്കി മാറ്റിയെന്ന വിവരം മാത്രമേ ലഭിച്ചിട്ടുള്ളൂ. വെളിപ്പെടുത്തലില്‍ പറയുന്ന കൊലപാതകം 1989 സപ്തംബറില്‍ കോഴിക്കോട് കടപ്പുറത്താണ് നടന്നത്.
എഫ്.ഐ.ആറും അനുബന്ധരേഖകളും ലഭിക്കാന്‍ കോടതിയിലും നടക്കാവ് സ്റ്റേഷനിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി മെഡിക്കല്‍കോളേജ് ആശുപത്രിയിലും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കൊല ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മുഹമ്മദലിക്കെതിരേ നടക്കാവ് പോലീസിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനുമായിട്ടില്ല.
മുഹമ്മദലിയുടെ 17-ാമത്തെ വയസ്സിലാണ് സംഭവം. സുഹൃത്തിന്റെ പണം പിടിച്ചുപറിച്ചതിന്റെ പ്രതികാരത്തില്‍ കഞ്ചാവ് ബാബു എന്നറിയപ്പെടുന്നയാളും താനും ചേര്‍ന്നാണ് മുപ്പതു വയസ്സുകാരനെ കൊന്നത്. താന്‍ രണ്ട് കാലും പിടിച്ചുകൊടുക്കുകയും സുഹൃത്ത് ബാബു പൂഴിയില്‍ മുഖമമര്‍ത്തി യുവാവിനെ കൊല്ലുകയും ചെയ്തുവെന്നാണ് മൊഴി. മുപ്പത് വയസ്സുതോന്നിക്കുന്നയാളുടെ മൃതദേഹം വായില്‍ നിന്നും മൂക്കില്‍ നിന്നും ചോരവന്ന നിലയില്‍ കണ്ടെത്തിയെന്ന് 1989 സപ്തംബര്‍ 25-ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്. പക്ഷേ, വ്യക്തമായ മറ്റ് രേഖ പോലും കിട്ടാത്തതിനാല്‍ മുഹമ്മദലിയെ ഒരു തരത്തിലും ബന്ധിപ്പിക്കാനാവില്ല.
കടപ്പുറത്തെ കൊലപാതകത്തില്‍ 1989-ല്‍ തന്നെ അന്വേഷണം നടത്തി കൊല്ലപ്പെട്ടയാളെ തിരിച്ചറിയാത്തതിനാല്‍ തെളിയാത്ത കേസായി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.
ആരാണീ കഞ്ചാവ് ബാബു
1991-ല്‍ അന്നത്തെ നടക്കാവ് ഇന്‍സ്‌പെക്ടറായിരുന്ന റിട്ട എസ്.പി. എന്‍. സുഭാഷ് ബാബുവാണ് തെളിയാത്ത കേസാക്കി സിറ്റി പോലീസ് കമ്മിഷണര്‍ക്കു നല്‍കിയത്. അതിന്റെയും രേഖകള്‍ ഇല്ല. വായയും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചാണ് കൊന്നതെന്നാണ് അന്നത്തെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ എഴുതിയതെന്നാണ് ഓര്‍മ്മയെന്ന് മുഹമ്മദലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സുഭാഷ്ബാബു വ്യക്തമാക്കിയിരുന്നു.
മുഹമ്മദാലി പറഞ്ഞ കഞ്ചാവ് ബാബു എന്നയാള്‍ ശാന്തിനഗര്‍ കോളനിയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും സുഭാഷ് ബാബു പറഞ്ഞു. കഞ്ചാവ് ബാബുവിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും ലഭിച്ചില്ല.
Muhammed Ali confessed to a 1986 murder after 40 years of silence., Police confirmed the victim


