2026-ല്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവ് 39904 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ 27885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തില്‍ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്.
|
സര്‍ക്കാര്‍ നിയമസഭയില്‍ വച്ച വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ട്രഷറിയില്‍ 5236.74 കോടി രൂപ ബാക്കിയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ഡി.ആര്‍ കുടിശ്ശികയിനത്തില്‍ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.
കിഫ്ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ട്രഷറി പ്രവര്‍ത്തനങ്ങള്‍ അതീവ സങ്കീര്‍ണ്ണം
കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിന് കനത്ത ആഘാതമായി. 15-ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയത് വരുമാനത്തില്‍ 20,000 കോടി രൂപയുടെ കുറവുണ്ടാക്കാന്‍ ഇടയാക്കും. കേന്ദ്ര നികുതി വിഹിതത്തില്‍ കേരളത്തിന്റെ പങ്ക് കുറയുന്നത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുന്നു.
ട്രഷറി പ്രവര്‍ത്തനങ്ങള്‍ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12-ല്‍ 10 മാസവും ട്രഷറിയില്‍ ബാലന്‍സ് നെഗറ്റീവ് ആയിരുന്നു. ആര്‍.ബി.ഐയുടെ അടിയന്തര വായ്പാ സൗകര്യങ്ങളെ (WMA and Overdraft) ആശ്രയിച്ചാണ് ദൈനംദിന കാര്യങ്ങള്‍ നടക്കുന്നത്. വായ്പാ പരിധി അവസാനിച്ചതിനെത്തുടര്‍ന്ന് കടുത്ത ഓവര്‍ഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ്.
കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനം
കിഫ്ബി പോലുള്ള സമാന്തര സംവിധാനങ്ങള്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് ധവളപത്രം വിമര്‍ശിക്കുന്നു. ബജറ്റിന് പുറത്തുള്ള വായ്പകള്‍ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്ബി, സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നിലവില്‍ കിഫ്ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്.
ഇതിനു പുറമെ, അംഗീകരിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 35,000 കോടി രൂപ കൂടി കിഫ്ബിക്ക് ആവശ്യമാണ്. കിഫ്ബിയുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയില്‍ ഉള്‍പ്പെടുമെന്ന കണ്ടെത്തല്‍ വലിയ തിരിച്ചടിയായി. വായ്പ എടുക്കുന്നതിന് സര്‍ക്കാരിനേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ അധികം പലിശ കിഫ്ബിക്ക് നല്‍കേണ്ടി വരുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
കണ്ണൂരിന് വാരിക്കോരി നല്‍കി
കിഫ്ബി പദ്ധതികളുടെ വിതരണത്തിലും പ്രാദേശികമായ അസമത്വമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ആകെ അനുവദിച്ച തുകയുടെ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലേക്കാണ് പോയത്. തിരുവനന്തപുരം (17%), എറണാകുളം (11%) എന്നീ ജില്ലകള്‍ കൂടി ചേര്‍ത്താല്‍ ആകെ പദ്ധതികളുടെ പകുതിയോളം ഈ മൂന്ന് ജില്ലകളിലായി ഒതുങ്ങുന്നു. ഇത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടന്നതെന്ന് റിപ്പോര്‍ട്ട് സംശയിക്കുന്നു.
മൂലധന ചെലവില്‍ ഏറ്റവും പിന്നില്‍
മൂലധന ചെലവിന്റെ കാര്യത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്നത്. മറ്റു പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്. ഭാവിയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു.
നികുതി വരുമാനത്തിലുണ്ടായ കുറവും കേന്ദ്ര സഹായം പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
കടുത്ത നിയന്ത്രണത്തിന് ശുപാര്‍ശ
സപ്ലൈകോയും ബെവ്‌കോയും ലയിപ്പിച്ച് ഒരൊറ്റ കോര്‍പ്പറേഷന്‍ ആക്കണമെന്ന് ധവളപത്രത്തില്‍ ശുപാര്‍ശ. ഇതിലൂടെ സപ്ലൈകോയുടെ നഷ്ടം നികത്താമെന്നാണ് വിലയിരുത്തല്‍. ഊര്‍ജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുക, തന്ത്രപ്രധാനമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നും ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്നും നിര്‍ദേശമുണ്ട്.
ജൂണ്‍ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ അധികാരമേറ്റ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.
ധവളപത്രം തയ്യാറാക്കുന്നതിനായി മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ മെയ് 19ന് ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ മുന്‍ ഡയറക്ടറും സാമ്പത്തിക വിദഗ്ദ്ധനുമായ ഡി. നാരായണ, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പ്രൊഫസറും ഡയറക്ടറുമായ സി. വീരമണി എന്നിവര്‍ അംഗങ്ങളായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു.
ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍, യു.ഡി.എഫിന്റെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ‘ശൂന്യമായ ഒരു ഖജനാവ്’ ബാക്കിയായി എന്ന് പരാമര്‍ശിച്ചിരുന്നു.
വിമര്‍ശനവുമായി കെഎന്‍ ബാലഗോപാല്‍
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയ രീതിയില്‍ മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ധവളപത്രം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനത്തെ ഏര്‍പ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാല്‍ തന്നെ ഇതൊരു ഔദ്യോഗിക രേഖയല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
‘നിയമപരമായ പിന്‍ബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധമാണ്. കടുത്ത ചട്ടലംഘനമാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. അത്തരമൊരു രേഖ സഭാ നടപടികളുടെ ഭാഗമാകാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ ഇത്തരം പൊളിറ്റിക്കല്‍ ഡോക്യുമെന്റ് സഭാരേഖകളുടെ ഭാഗമാക്കാന്‍ അനുവദിച്ചുകൂടാ’, എന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.
അടിസ്ഥാന രഹിതമെന്ന് വിഡി സതീശന്‍
ബാലഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. രഹസ്യസ്വഭാവമുള്ള ഒരു വിവരവും പുറത്തുപോയിട്ടില്ല. ധനകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് ധവളപത്രം തയ്യാറാക്കിയത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയണം എന്നും വി ഡി സതീശന്‍ പറഞ്ഞു.

