ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ഈയാഴ്ച ആദ്യം യുഎസ് സൈന്യം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മന്ത്രി അറിയിച്ചു. ഇതൊരു വലിയ ‘ദുരന്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് യുഎസ് സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായ ‘സെറ്റെബെല്ലോ’ (MT Settebello) എന്ന പലാവു (Palau) പതാക ഘടിപ്പിച്ച എണ്ണക്കപ്പലില്‍ 24 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു യുക്രൈന്‍ പൗരനും ഒരു റഷ്യക്കാരനും ഉള്‍പ്പെടെ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കപ്പല്‍, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം.
ആക്രമണത്തിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരെ കാണാതായിരുന്നു. ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ്മ, എന്‍ജിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
‘എംടി സെറ്റെബെല്ലോ കപ്പലിലുണ്ടായ ഈ ദരുന്ത വാര്‍ത്ത അത്യന്തം നിര്‍ഭാഗ്യകരമാണ്. കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സ്ഥിരീകരിച്ചിരിക്കുന്നു. ഇത് നമ്മുടെ നാവിക സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ്. ഈ ദുഷ്‌കരമായ ഘട്ടത്തില്‍ മോദി സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ദൃഢമായി നിലകൊള്ളുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കാനും മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി എത്രയും വേഗം നാട്ടിലെത്തിക്കാനും ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ മന്ത്രി എക്‌സില്‍ (X) കുറിച്ചു.
ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചാണ് ഒമാന്‍ തീരത്ത് വെച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഫോഴ്സ് എണ്ണക്കപ്പല്‍ ആക്രമിച്ചത്. ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 24 ഇന്ത്യക്കാരുള്ള കപ്പലിന് നേരെ യുഎസ് നാവികസേനയുടെ ആക്രമണമുണ്ടായതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്നും സംഘര്‍ഷങ്ങള്‍ അടിയന്തിരമായി ലഘൂകരിക്കാന്‍ ഇരുവിഭാഗവും തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കപ്പലിലെ ജീവനക്കാര്‍ പലതവണ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുഎസ് യുദ്ധവിമാനം കപ്പലിന് നേരെ വെടിയുതിര്‍ത്തതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് എക്‌സിലൂടെ അറിയിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സിനെ (നയതന്ത്ര പ്രതിനിധി) വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് (AFP) പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച മിഡില്‍ ഈസ്റ്റ് യുദ്ധത്തെ തുടര്‍ന്ന് ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഈ കടല്‍പ്പാത തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. യുദ്ധം തുടങ്ങിയത് മുതല്‍ ഇറാന്‍ ഈ പാത ഉപരോധിച്ചിരിക്കുകയാണ്, എന്നാല്‍ ഇതിന് പകരമായി ഏപ്രില്‍ മുതല്‍ അമേരിക്കയും സ്വന്തം നിലയില്‍ ഇവിടെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


