പശ്ചിമേഷ്യയെ മൂന്ന് മാസത്തിലധികമായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലെത്തി. ലെബനന് ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും സൈനിക നീക്കങ്ങള്‍ ‘ഉടന്‍ തന്നെയും ശാശ്വതമായും’ അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. പാകിസ്താന്റെ മധ്യസ്ഥതയില്‍ രൂപപ്പെട്ട ഈ സമാധാന കരാര്‍ വാഷിംഗ്ടണും ടെഹ്റാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
|
പശ്ചിമേഷ്യന്‍ യുദ്ധത്തിലെ ഏറ്റവും വലിയ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്ന ഈ കരാര്‍, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ സമയം നല്‍കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനും ആഗോള ഊര്‍ജ്ജ വിപണിയിലെ പ്രതിസന്ധി കുറയ്ക്കാനും ഈ കരാര്‍ സഹായിക്കും. എന്നാല്‍, യുദ്ധകാലത്ത് കടലില്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യാനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും സമയം എടുക്കുമെന്നതിനാല്‍ ഹോര്‍മുസ് പാത പൂര്‍ണ്ണതോതില്‍ തുറക്കാന്‍ ദിവസങ്ങളെടുത്തേക്കും. യുദ്ധത്തിന് മുന്‍പ് ലോകത്തിലെ മൊത്തം എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (LNG) 20 ശതമാനവും കടന്നുപോയിരുന്നത് ഈ വഴിയിലൂടെയായിരുന്നു.
ഈ ധാരണാപത്രം ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും അവര്‍ സമ്പുഷ്ടീകരിച്ചു വെച്ചിരിക്കുന്ന യുറേനിയം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അടുത്ത രണ്ട് മാസത്തെ സാവകാശം നല്‍കുന്നുണ്ട്. ഇറാന് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ നീക്കുന്നതും മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുന്നതും സംബന്ധിച്ച് വാഷിംഗ്ടണ്‍ ചര്‍ച്ച ചെയ്യും.
ഇറാന്റെ പ്രതികരണം
അമേരിക്കയുമായുള്ള യുദ്ധത്തിന് ഈ കരാറിലൂടെ ‘ഉടന്‍ തന്നെ അന്ത്യം’ കുറിച്ചതായും അന്തിമ കരാറിലെത്തുന്നതിനായി അടുത്ത രണ്ട് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാന്റെ വിദേശകാര്യ സഹമന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി.
ALSO READ: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ മാപ്പ് പറയണമെന്ന് വിഡി സതീശന്
ജൂണ്‍ 19 വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങ് നടക്കും. അതിനുശേഷമുള്ള 60 ദിവസത്തെ കാലയളവിലായിരിക്കും അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുക. ശത്രുത അവസാനിപ്പിക്കുക, ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ അമേരിക്ക പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ ചര്‍ച്ചകളെന്ന് ഘരീബാബാദി കൂട്ടിച്ചേര്‍ത്തു. ശത്രുവിനെ അന്ധമായി വിശ്വസിക്കുന്നതല്ല ഈ കരാറെന്നും യു.എസിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ഇറാന് കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലെബനന് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചതായും ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ് നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത പാകിസ്താനും ഖത്തറിനും ഇറാന് നന്ദി രേഖപ്പെടുത്തി.
‘എണ്ണ ഒഴുകട്ടെ’; ട്രംപിന്റെ പ്രതികരണം
തന്റെ 80-ാം ജന്മദിനത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ സമാധാന പ്രഖ്യാപനം നടത്തിയത്. ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ പൂര്‍ത്തിയായിരിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് യാതൊരു തടസ്സവുമില്ലാതെ തുറന്നുകൊടുക്കാനും ഒപ്പം അമേരിക്കയുടെ നാവിക ഉപരോധം ഉടനടി പിന്‍വലിക്കാനും ഞാന്‍ ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ… എണ്ണ ഒഴുകട്ടെ,’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കരാറിലെ പ്രധാന വിവരങ്ങള്‍
ആഴ്ചകള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. കരാറിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ടിട്ടില്ലെങ്കിലും, ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അമേരിക്കയില്‍ മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ 12 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുനല്‍കുമെന്ന് ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 14 പോയിന്റുകളുള്ള ധാരണാപത്രത്തില്‍, 60 ദിവസത്തെ ചര്‍ച്ചാ കാലയളവില്‍ ആകെ 24 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ വിട്ടയക്കുമെന്നും വ്യവസ്ഥയുണ്ട്.
ഉപരോധം നീക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാര്‍
യു.എസ്-ഇറാന് സമാധാന കരാര്‍ വാര്‍ത്തയെ അന്താരാഷ്ട്ര സമൂഹം വലിയ ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ‘തീരുമാനം നിര്‍ണ്ണായകമായ ചുവടുവെപ്പ്’ എന്നാണ് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഇതിനെ വിശേഷിപ്പിച്ചത്.
ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഈ നയതന്ത്ര അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അമേരിക്കയോടും ഇറാനോടും ഒപ്പം നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
കരാര്‍ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയിലും വലിയ ഉണര്‍വുണ്ടായി. ടോക്കിയോ വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ 4 ശതമാനത്തിലധികം ഇടിവുണ്ടായപ്പോള്‍ ജപ്പാന്റെ നിക്കി ഓഹരി സൂചിക 3 ശതമാനം ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം കാരണം ലോകമെമ്പാടും എണ്ണവിലയും പണപ്പെരുപ്പവും കുതിച്ചുയര്‍ന്നിരുന്നു. പുതിയ കരാറിലൂടെ ഊര്‍ജ്ജ വില കുറയ്ക്കാനും പശ്ചിമേഷ്യയില്‍ വീണ്ടും സാമ്പത്തിക പുരോഗതി കൊണ്ടുവരാനും സാധിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. ജനീവയില്‍ നടക്കുന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ താനും, ചിലപ്പോള്‍ പ്രസിഡന്റ് ട്രംപും നേരിട്ട് പങ്കെടുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
US-Iran ‘peace deal’ announced; Trump says Strait of Hormuz reopening


