തിങ്കളാഴ്ച രാത്രി നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഗോള്‍ നേടിയതിന് ശേഷമുള്ള ഇറാന്‍ മധ്യനിര താരം മൊഹമ്മദ് മൊഹെബിയുടെ ഗോള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രണ്ട് തവണ പിന്നിലായ ശേഷമാണ് ഇറാന്‍ സമനില പിടിച്ചത്. ഇറാന്റെ രക്ഷകനായി മാറി മത്സരത്തിലെ രണ്ടാമത്തെയും അവസാനത്തെയും ഗോള്‍ നേടിയത് മൊഹെബിയായിരുന്നു. എന്നാല്‍ ഗോള്‍ നേടിയ ശേഷം കൈകള്‍ കൊണ്ട് ‘തോക്കുചൂണ്ടി വെടിയുതിര്‍ക്കുന്ന’ രീതിയിലാണ് താരം അത് ആഘോഷിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
|
കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലുള്ള സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു മനോഹരമായ ഹെഡ്ഡറിലൂടെയാണ് വിങ്ങറായ മൊഹെബി ഇറാന് സമനില സമ്മാനിച്ചത്. എന്നാല്‍ ഗോള്‍ നേടിയ ആവേശത്തില്‍ താരത്തിന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. ഈ ഗോള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Iranian player Mohebi did a gun celebration on US soil 😭😭😭 pic.twitter.com/JkDJKDEjGa
— Nყƙιƚα (@NikitaRMFC) June 16, 2026
രാഷ്ട്രീയം അതിര് വിട്ട് മൈതാനം
അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും പ്രാദേശിക അധികാരികളും നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, മത്സരം പൂര്‍ണ്ണമായും രാഷ്ട്രീയ സംഘര്‍ഷഭരിതമായിരുന്നു. സ്റ്റേഡിയത്തിനുള്ളില്‍ ഇറാനിലെ വിപ്ലവത്തിന് മുന്‍പുള്ള (Pre-revolutionary) ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് ഇറാന്‍ ആരാധകര്‍ ലംഘിച്ചു. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നിലവിലെ ഇറാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് പ്രതിഷേധക്കാര്‍ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
ALSO READ: രണ്ടു വട്ടം പിന്നിലായിട്ടും സമനില പിടിച്ച് ഇറാന്‍; ഇരട്ട ഗോളുകളുമായി ജസ്റ്റും മൊഹെബിയും
ഫിഫയുടെ വിലക്കുണ്ടായിട്ടും സ്റ്റേഡിയത്തിനുള്ളിലെ കാണികള്‍ക്കിടയില്‍ വിപ്ലവത്തിന് മുന്‍പുള്ള ഇറാന്‍ പതാകകള്‍ വ്യാപകമായി കാണാമായിരുന്നു. ബാനറുകളിലും പതാകകളിലും ടി-ഷര്‍ട്ടുകളിലും ആരാധകര്‍ ഇത് പ്രദര്‍ശിപ്പിച്ചു. മെറ്റല്‍ ഡിറ്റക്ടറുകളും ബാഗ് പരിശോധനയും ഉള്‍പ്പെടെയുള്ള കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് സോഫി സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്.
ഈ പതാക പതിപ്പിച്ച ടി-ഷര്‍ട്ട് ധരിച്ചെത്തിയ ഒരു കൂട്ടം ആരാധകരോട് സുരക്ഷാ ജീവനക്കാര്‍ അത് മാറ്റാന്‍ ആവശ്യപ്പെട്ടു. പകരം ധരിക്കാന്‍ മറ്റ് വസ്ത്രങ്ങള്‍ ഇല്ലെന്ന് ആരാധകര്‍ അറിയിച്ചപ്പോള്‍, ടി-ഷര്‍ട്ട് തിരിച്ചിട്ട് (inside out) ധരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
ദേശീയ ഗാനത്തിന് കൂവി വിളി
എന്നാല്‍ ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും, ആരാധകര്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്നതോടെ ഈ നിയന്ത്രണങ്ങള്‍ കാര്യമായി നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം ഗാലറിയില്‍ ഈ പഴയ പതാകകള്‍ ദൃശ്യമായിരുന്നു. കൂടാതെ ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോള്‍ ഒരു വിഭാഗം ഇറാന്‍ ആരാധകര്‍ മൈതാനത്തിന് നേരെ തിരിഞ്ഞുനിന്ന് പ്രതിഷേധിച്ചപ്പോള്‍, മറ്റ് ചിലര്‍ കൂകിവിളിക്കുകയും ചെയ്തു.
FIFA World Cup: Iran’s Mohammad Mohebi Does ‘Gun Firing Celebration’ After Goal


