വാൻകൂവർ: ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയത്തിന്റെ ആഹ്ലാദത്തിനിടയിലും കാനഡയ്ക്ക് വൻ തിരിച്ചടിയായി മധ്യനിര താരം ഇസ്മായിൽ കോനെയുടെ ഗുരുതര പരിക്ക്. ഖത്തറിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് 24-കാരനായ കോനെയുടെ ഇടതുകാലിന് ദാരുണമായി പരിക്കേറ്റത്. സംഭവത്തെ തുടർന്ന് താരത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
|
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഖത്തർ മധ്യനിര താരം അസിം മാഡിബോ കോനെയെ പിന്നിൽ നിന്നും ഫൗൾ ചെയ്തതാണ് പരിക്കിന് കാരണമായത്. മാഡിബോയുടെ കടുത്ത ടാക്ലിംഗിൽ നിലത്തുവീണ കോനെ കടുത്ത വേദനയാൽ പുളയുകയായിരുന്നു. താരത്തിന്റെ പരിക്കിന്റെ തീവ്രത മനസ്സിലാക്കിയ സഹതാരങ്ങൾ ഉടൻ തന്നെ മെഡിക്കൽ സംഘത്തെ മൈതാനത്തേക്ക് വിളിച്ചു. കോനെയുടെ ഇടതുകാലിന്റെ താഴത്തെ അസ്ഥി ഒടിഞ്ഞതായാണ് പുറത്തുവരുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഫൗൾ ചെയ്ത ഖത്തർ താരം അസിം മാഡിബോയ്ക്ക് റഫറി ഉടനടി റെഡ് കാർഡ് നൽകി പുറത്താക്കി. ആദ്യ പകുതിയിൽ ഹൊമാം അഹമ്മദും റെഡ് കാർഡ് വാങ്ങി പുറത്തായതിനാൽ ഇതോടെ ഖത്തർ ഒമ്പത് പേരുമായാണ് കളി പൂർത്തിയാക്കിയത്.
“ഞാൻ അവന്റെ കാൽ കണ്ടു. എന്തോ വലിയ തകരാർ സംഭവിച്ചതായി എനിക്ക് മനസ്സിലായി,” കോനെയുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയ കാനഡ ക്യാപ്റ്റൻ സ്റ്റീഫൻ യുസ്റ്റാക്വിയോ പറഞ്ഞു. കോനെ നിലവിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയാണെന്ന് കാനഡ കോച്ച് ജെസ്സി മാർഷ് സ്ഥിരീകരിച്ചു.
മത്സരത്തിൽ കാനഡ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ഖത്തറിനെ തകർത്തത്. കോനെയ്ക്ക് പകരക്കാരനായി ഇറങ്ങിയ നഥാൻ സാലിബ കാനഡയുടെ നാലാം ഗോൾ നേടിയ ശേഷം കോനെയുടെ ജേഴ്സി ഉയർത്തിക്കാട്ടിയാണ് തന്റെ സഹതാരത്തിന് വൈകാരികമായ പിന്തുണ പ്രഖ്യാപിച്ചത്. മത്സരത്തിൽ ഹാട്രിക് നേടിയ കാനഡ സ്ട്രൈക്കർ ജോനാഥൻ ഡേവിഡ് ഖത്തർ താരത്തിന്റെ ഫൗളിനെതിരെ ശക്തമായി പ്രതികരിച്ചു. പന്ത് പിടിച്ചെടുക്കാൻ യാതൊരു സാധ്യതയുമില്ലാത്ത അവസ്ഥയിൽ എതിർ കളിക്കാരനെ പരിക്കേൽപ്പിക്കാൻ മാത്രമാണ് അത്തരം ടാക്ലിംഗുകൾ ഉപകരിക്കുകയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാനഡ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു താരത്തെയാണ് ഈ പരിക്കിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ക്യാപ്റ്റൻ യുസ്റ്റാക്വിയോ കൂട്ടിച്ചേർത്തു.
സംഭവത്തില്‍ ഖത്തര്‍ മിഡ്ഫീല്‍ഡര്‍ അസിം മാഡിബോ കനേഡിയന്‍ ക്യാമ്പിലെത്തി മാപ്പ് പറഞ്ഞു. തന്റെ പ്രവര്‍ത്തി മനപൂര്‍വ്വമായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
Canada’s Ismael Kone To Undergo Surgery After Gruesome Injury Against Qatar

