06
Jul 2026
Mon
06 Jul 2026 Mon
Satluj

ന്യൂഡല്‍ഹി: നടന്‍ ദില്‍ജിത് ദോസഞ്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘സത്ലജ്’ (Satluj) എന്ന വിവാദ ചിത്രം ‘സീ5’ (ZEE5) ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പെട്ടെന്ന് പിന്‍വലിച്ചതിന് പിന്നില്‍ സുരക്ഷാ ആശങ്കകളെന്ന് സൂചന. ചിത്രത്തിലെ ചില ഭാഗങ്ങള്‍ രാജ്യവിരുദ്ധ ശക്തികള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചിത്രം റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ സ്ട്രീമിങ് നിര്‍ത്തിവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പഞ്ചാബ് 95’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രം വര്‍ഷങ്ങളോളം നീണ്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ‘സത്ലജ്’ എന്ന പേരില്‍ സീ5-ല്‍ റിലീസ് ചെയ്തത്. എന്നാല്‍ കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷം ചിത്രം പിന്‍വലിക്കുകയായിരുന്നുവെന്ന് സ്രോതസ്സുകള്‍ പറയുന്നു. മുന്‍പ് തിയേറ്റര്‍ റിലീസിനായി അപേക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ രൂപത്തില്‍ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഒടിടി റിലീസ് തിരഞ്ഞെടുത്തത്. ഒടിടി ഉള്ളടക്കങ്ങള്‍ക്ക് തിയേറ്റര്‍ ചിത്രങ്ങളെപ്പോലെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമില്ലെങ്കിലും, സെന്‍സിറ്റീവ് ആയ ഉള്ളടക്കങ്ങളില്‍ പ്ലാറ്റ്ഫോമുകളുടെ സ്വയം നിയന്ത്രണവും സര്‍ക്കാരിന്റെ മേല്‍നോട്ടവും നിലവിലുണ്ട്.

പഞ്ചാബില്‍ ‘ഭീകരവാദം’ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് നടന്ന വ്യാജ ഏറ്റുമുട്ടലുകളും അനധികൃത കൊലപാതകങ്ങളും പുറത്തുകൊണ്ടുവരാന്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നടത്തിയ പോരാട്ടമാണ് ‘സത്ലജ്’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

സീ5 വ്യക്തമാക്കിയത്

ചിത്രം പിന്‍വലിച്ച കാര്യം സീ5 തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ സ്ഥിരീകരിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയില്‍ ചിത്രം ലഭ്യമാകില്ലെന്നും എന്നാല്‍ ചിത്രത്തിനും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും തങ്ങള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും പ്ലാറ്റ്ഫോം വ്യക്തമാക്കി.

‘സത്ലജിനും അതിന്റെ പിന്നിലെ സര്‍ഗ്ഗാത്മക ദര്‍ശനത്തിനുമൊപ്പം സീ5 ഉറച്ചുനില്‍ക്കുന്നു. ശക്തമായ കഥപറച്ചിലുകള്‍ക്ക് സമൂഹത്തെ പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിയമപരമായ നടപടിക്രമങ്ങളിലൂടെ (Due process) ചിത്രം എത്രയും വേഗം പ്രേക്ഷകരിലേക്ക് തിരികെ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,’ – സീ5 പ്രസ്താവനയില്‍ പറഞ്ഞു.

ദില്‍ജിത് ദോസഞ്ചിന്റെ പ്രതികരണം

ചിത്രം പിന്‍വലിച്ചതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ‘ഞാന്‍ ഇരുട്ടിനെ വെല്ലുവിളിക്കുന്നു’ എന്നായിരുന്നു അദ്ദേഹം ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ‘സത്ലജിന് സംഭവിച്ചത് തന്നെയാണ് ശഹീദ് ജസ്വന്ത് സിങ് ഖല്‍റയ്ക്കും സംഭവിച്ചത്,’ എന്ന് അദ്ദേഹം പഞ്ചാബി ഭാഷയില്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷമായി സെന്‍സര്‍ ബോര്‍ഡില്‍ കുടുങ്ങിയ ചിത്രം

പഞ്ചാബിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1952-ല്‍ അമൃത്സറില്‍ ജനിച്ച അദ്ദേഹം ബാങ്ക് ജീവനക്കാരനായിരുന്നുവെങ്കിലും പിന്നീട് പൂര്‍ണ്ണസമയ മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറി. പഞ്ചാബിലെ അക്രമബാധിത കാലഘട്ടത്തിലെ അനധികൃത കൊലപാതകങ്ങളും രഹസ്യ ശ്മശാനങ്ങളിലെ കൂട്ടസംസ്‌കാരങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവന്നത് അദ്ദേഹമായിരുന്നു.

2022-ല്‍ സെന്‍സര്‍ ബോര്‍ഡിന് (CBFC) സമര്‍പ്പിച്ച ചിത്രം മൂന്ന് വര്‍ഷത്തോളമാണ് ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ചിത്രത്തില്‍ 127 കട്ടുകള്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. ഒടുവിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്തത്.

Why ‘Satluj’ Pulled Down?