വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങളുടെ നിയമനത്തില്‍ സുപ്രിം കോടതിയിലും നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അഗംങ്ങളെ നിയമിക്കണമെന്ന വഖഫ് നിയമത്തിലെ പതിനാലാം വകുപ്പിന് എതിരല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 14ആം വകുപ്പ് പ്രാവര്‍ത്തികമാക്കരുതെന്ന് പറയുന്നില്ല, വകുപ്പ് നടപ്പാക്കണമെന്നാണ് താല്‍പര്യം- മുതിര്‍ന്ന അഭിഭാഷകന്‍ ജെഡി ഗുപ്തയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സുപ്രിം കോടതിയെ അറിയിച്ചത്.
|
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലില്‍ വാദം കേള്‍ക്കവെയാണ് ജെഡി ഗുപ്ത നിലപാട് അറിയിച്ചത്. ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിച്ച അതേ നിലപാട് ഗുപ്തയും ആവര്‍ത്തിക്കുകയായിരുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം റദ്ദാക്കി
അതേസമയം, അപ്പീലില്‍ വഖഫ് ബോര്‍ഡിന് ആശ്വാസമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നടപടി റദ്ദാക്കി. ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കുകയായിരുന്നു. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറി എക്സ് ഒഫീഷ്യോ അംഗമായി മാത്രം തുടരും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വസ്തുതകളും വഖഫ് ബോര്‍ഡ് സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22ആം വകുപ്പിന് വിരുദ്ധമാണെന്നും മുസ്ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ല. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിക്കുന്നുണ്ട്.
ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയാന്‍ 99ആം വകുപ്പ് അനുസരിച്ച് ഹൈക്കോടതിക്ക് അധികാരമില്ലെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയുന്നത് സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ കണ്ടെത്തിയാല്‍ മാത്രമാണെന്നും അപ്പീലിന്‍ പരാമര്‍ശമുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡിനെ കേള്‍ക്കാതെയാണ്. അസാധാരണ സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബോര്‍ഡിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നും സുഭാഷ് ചന്ദ്രന്‍ മുഖേന നല്‍കിയ അപ്പീലില്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു.
സര്‍ക്കാരിന് അഡ്മിനിസ്‌ട്രേറ്റര്‍ വഴി നിയന്ത്രിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്. അതേസമയം, ബോര്‍ഡിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ നിയന്ത്രണം തുടരും. ഹൈക്കോടതിയുടെ മേല്‍നോട്ടവും തുടരും.
വഖഫ് നിയമ ഭേദഗതിക്ക് ശേഷം നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല വഖഫ് ബോര്‍ഡ് രൂപീകരിച്ചതെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. പുതിയ ഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് മുസ്ലിമേതര അംഗങ്ങള്‍ ഉണ്ടാകണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ നാല് പേര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം കോടതി നിയന്ത്രിച്ചത്.
Supreme Court verdict on Kerala Waqf Board administrator



