25
Jul 2026
Sat
25 Jul 2026 Sat
Mohd Junaid, a volunteer serving food and water at the Jantar Mantar protest

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി-യുവജന പ്രതിഷേധങ്ങളില്‍ സന്നദ്ധസേവനം അനുഷ്ഠിക്കുന്ന മുഹമ്മദ് ജുനൈദ് എന്ന യുവാവിന്റെ കുടുംബത്തെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം. പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായി യു.പി പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ജുനൈദ് വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെയ്ഡിനിടെ തന്റെ പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് പറഞ്ഞു. കൂടാതെ മീററ്റിലുള്ള തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയ്ഡിനിടെ കുടുംബത്തിന്റെ ആധാര്‍ കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളും പൊലീസ് പിടിച്ചെടുത്തതായും ജുനൈദ് ആരോപിച്ചു. ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകനാണ് ജുനൈദ്. പ്രതിഷേധത്തിലെ തന്റെ പങ്ക് കാരണം തന്നെയെയും കുടുംബത്തെയും ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഘാസിയാബാദിലെ മസൂരി പൊലീസ് തന്നെ ഹാജരാക്കാന്‍ കുടുംബത്തെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ബസ്സില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ബസ്സ് നിര്‍ത്തി ‘ഞരമ്പ് രോഗി’യെ പഞ്ഞിക്കിട്ട് ഡ്രൈവര്‍

‘എന്താണ് ഞാന്‍ ചെയ്ത കുറ്റം? പ്രതിഷേധിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നത് കുറ്റമാണോ?’ ജുനൈദ് ചോദിച്ചു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാര്‍ട്ടി (CJP) രംഗത്തെത്തി.

‘കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഭക്ഷണം വിതരണം ചെയ്ത സന്നദ്ധപ്രവര്‍ത്തകന്‍ മുഹമ്മദ് ജുനൈദിനെയും കുടുംബത്തെയും വേട്ടയാടാന്‍ സമയം കണ്ടെത്തുകയാണ് യു.പി പൊലീസ്. ഞങ്ങള്‍ ജുനൈദിനൊപ്പമുണ്ട്, അവരെയോ കുടുംബത്തെയോ ഇരയാക്കാന്‍ അനുവദിക്കില്ല. വിയോജിപ്പുകളോട് ഈ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. ഇത്തരം ഭീരുത്വപരമായ നടപടികളില്‍ ഭയപ്പെടില്ല, പൊലീസിന്റെ ഓരോ നിയമവിരുദ്ധ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യും,’ സി.ജെ.പി എക്സില്‍ കുറിച്ചു.

വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സംഭവത്തെ അപലപിച്ചു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AISA) നേതാവ് ഡാനിഷ് അലി ജുനൈദിനും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും പ്രതികാര രാഷ്ട്രീയത്തിന്റെ തെളിവാണിതെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം, ജുനൈദിന്റെ ആരോപണങ്ങളില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English: UP Police allegedly detains the family of Muhammed Junaid, a volunteer at the Jantar Mantar student protest in New Delhi. CJP and AISA condemn the police action.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക