17കാരിയായ ഗർഭിണിയെ തലയറുത്ത് കൊല്ലുകയും വെട്ടിയെടുത്ത തല പ്ലാസ്റ്റിക് ചാക്കിൽ കെട്ടി എറിയുകയും ചെയ്ത ഭർത്താവും ഭർതൃപിതാവുമടക്കം നാലുപേർ പിടിയിൽ. ജാർഖണ്ഡിലെ ധൻബാദിലെ ബാലിയാപുർ മേഖലയിലെ ഖെർബാഡിയ വനപ്രദേശത്താണ് പെൺകുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്ന പൂനം കുമാരിയാണ് കൊല്ലപ്പെട്ടത്.
|
വെള്ളിയാഴ്ച രാവിലെ കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹത്തിന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ മരത്തിന് സമീപം പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ തല കണ്ടെത്തുകയും ചെയ്തു.
സംഭവസ്ഥലത്ത് ചന്ദനത്തിരികളും ചില പൂജാ വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് നരബലിയാണെന്ന അഭ്യൂഹങ്ങളും പ്രദേശത്ത് പ്രചരിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയും പെൺകുട്ടിയുടെ ഭർത്താവുമായ കൃഷ് റവാനി, ഇയാളുടെ അച്ഛൻ ജയറാം റവാനി, അമ്മായി അലോമണി ദേവി എന്നിവരടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗിരിഡിഹ് സ്വദേശിയായ പൂനം പഠനത്തിനായി ധൻബാദിലെ ടുണ്ടി മേഖലയിലുള്ള ബന്ധുവീട്ടിൽ താമസിച്ചുവരികയായിരുന്നു. അവിടെവച്ചാണ് കൃഷ് റവാനിയുമായി പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലാവുകയും കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് ബാലിയാപൂരിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു.
ബുധനാഴ്ച മുതലാണ് പൂനത്തെ കാണാതായത്. തുടർന്ന് വ്യാഴാഴ്ച പിതാവ് ബാലിയാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയതോടെ റാഞ്ചിയിൽ നിന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട ചെരുപ്പിന്റെ ഗന്ധം പിന്തുടർന്ന ഡോഗ് സ്ക്വാഡ് ഏകദേശം നാല് കിലോമീറ്റർ അകലെയുള്ള കൃഷ്ണിന്റെ വീട്ടിലെത്തി.
കൃഷുമായുള്ള ബന്ധത്തിന്റെ പേരിൽ ഇയാൾ നേരത്തെ ജയിലിലായിരുന്നുവെന്നും പിന്നീട് ഗ്രാമപഞ്ചായത്ത് ചേർന്ന് വിഷയം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും പൂനത്തിന്റെ കുടുംബം ആരോപിച്ചു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം കൃഷ് വീണ്ടും പൂനത്തെ കൂടെ കൊണ്ടുപോയി. വിവാഹത്തെ പൂനത്തിന്റെ പിതാവ് അംഗീകരിച്ചിരുന്നില്ല. കൊലപാതകത്തിന് മുമ്പ് ഇരുകുടുംബങ്ങളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു.
മകന്റെ പ്രണയവിവാഹത്തിൽ ജയറാം അസന്തുഷ്ടനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് സാമൂഹികമായി താഴ്ന്ന നിലയാണെന്ന ധാരണയും ഇയാൾക്കുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മകന്റെ പ്രണയബന്ധം മൂലം കുടുംബത്തിന് ഉണ്ടായ സാമൂഹിക അപമാനമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ആറ് പേരുടെ സഹായത്തോടെ ജയറാം കൊലപാതകം ആസൂത്രണം ചെയ്തതായും പോലീസ് പറഞ്ഞു. എന്നാൽ സംഭവസ്ഥലത്ത് പ്രതികളിൽ ഒരാളായ അലോമണി ദേവിയുടെ ചെരുപ്പ് ഉപേക്ഷിക്കപ്പെട്ടത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.
പൂനത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Also read: ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; പരിഷ്കാരം ഡിസംബർ 1 മുതൽ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



