Tomin Thachankary Disproportionate Assets Case കോട്ടയം: സർവീസിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപിയും സംസ്ഥാന പോലീസ് ഉപമേധാവിയുമായിരുന്ന ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി. കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രഖ്യാപിക്കും. പരമാവധി ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
|
Key Highlights
- വിധി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി.
- അളവ്: 2003-2007 കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ (135.80%) അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്.
- വാദങ്ങൾ: പാരമ്പര്യമായി ലഭിച്ച സ്വത്താണെന്ന തച്ചങ്കരിയുടെ വാദവും വിടുതൽ ഹർജിയും കോടതി തള്ളി.
- ശിക്ഷാവിധി: പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കേസിൽ ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി തച്ചങ്കരി വ്യക്തമാക്കി. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ALSO READ: ഉധംപൂരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു; തിരച്ചിൽ ശക്തമാക്കി സുരക്ഷാസേന
കേസിന്റെ പശ്ചാത്തലവും അന്വേഷണവും 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. ഈ കാലയളവിൽ വരുമാനത്തിന് നിരക്കാത്തവിധം 135.80 ശതമാനം അധിക സ്വത്ത് തച്ചങ്കരി സമ്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
വിവിധ സ്ഥലങ്ങളിൽ വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ എന്നിവ വരുമാനത്തിൽ കവിഞ്ഞ് സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2007-ൽ തച്ചങ്കരി ഡി.ഐ.ജി ആയിരുന്നപ്പോൾ ഡിവൈ.എസ്.പി-യുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കുകയും, 2013-ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ആദ്യം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കേസ് പിന്നീട് മൂവാറ്റുപുഴയിലേക്കും തുടർന്ന് കോട്ടയത്തേക്കും മാറ്റുകയായിരുന്നു.
വിചാരണയും കോടതി നടപടികളും കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കൂടാതെ, പിതാവിൽ നിന്നും മാതാപിതാക്കളിൽ നിന്നും കൈമാറിക്കിട്ടിയ കുടുംബസ്വത്താണ് ഇതെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് അദ്ദേഹം നൽകിയ വിടുതൽ ഹർജിയും കോടതി തള്ളി. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസ് കോടതിക്ക് കർഷന നിർദ്ദേശം നൽകിയിരുന്നു.
കേസിന്റെ വിചാരണയിൽ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത് ഹാജരായി.
കെഎസ്ആർടിസി എംഡി, ഫയർഫോഴ്സ് മേധാവി തുടങ്ങി കേരള പോലീസിൽ നിരവധി ഉന്നത പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി. വിചാരണക്കാലയളവിൽ മൂന്ന് നക്ഷത്ര ചിഹ്നം പതിച്ച ഔദ്യോഗിക ബോർഡ് വെച്ച സ്വകാര്യ കാറിൽ കോട്ടയം വിജിലൻസ് കോടതിയിൽ അദ്ദേഹം എത്തിയത് നേരത്തെ വലിയ വിവാദമായിരുന്നു.
Tags: Tomin Thachankary, Disproportionate Assets Case, Vigilance Court Kottayam, Tomin Thachankary Convicted, Kerala Police News, Kerala Crime News,
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





