മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ. നിബന്ധനകൾ ഖത്തർ വഴി അമേരിക്കൻ ഭരണകൂടത്തെ അറിയിച്ചതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്‌സൻ റെസായി വ്യക്തമാക്കി.
|
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കണമെങ്കിൽ ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ടെഹ്‌റാന്റെ നിലപാട്. എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ പിടിച്ചെടുത്ത ആസ്തികൾ വിട്ടുനൽകുക, ഇറാൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളിൽ ചിലത്.
യമനും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടവും അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ മധ്യസ്ഥതയിലൂടെ തങ്ങളുടെ ആവശ്യങ്ങൾ വാഷിങ്ടണിൽ അറിയിച്ചിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും റെസായി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ട്രംപിന്റെ ഭീഷണികൾ ഫലം കാണില്ലെന്നും നിർണായകമായ യുദ്ധത്തിന് ഇറാൻ തയ്യാറാണെന്നും റെസായി വ്യക്തമാക്കി. അതേസമയം, ഇറാനെതിരെ അമേരിക്ക പുതിയ ആക്രമണം നടത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇറാന്റെ സൈനിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത ആക്രമണം നടത്തിയതോടെയാണ് നിലവിലെ യുദ്ധത്തിന് തുടക്കമായത്. തുടർന്ന് ഇറാൻ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ, ഇസ്രയേൽ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തി.
ജൂൺ 17ന് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന ധാരണയിലെത്തിയിരുന്നു. എന്നാൽ ജൂലൈ 8ന് ധാരണ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതോടെ സംഘർഷം വീണ്ടും രൂക്ഷമായി. അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ഇറാനും ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് അമേരിക്കയും പരസ്പരം ആരോപിച്ചു.
ALSO READ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു; 31കാരൻ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





