കോടതിയിൽ നിന്ന് ഓടിരക്ഷപ്പെട്ട ബലാൽസംഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. അസമിലെ ലഖിംപൂർ ജില്ലയിലാണ് സംഭവം. 45കാരനായ ജെർജയ് ബറുവ എന്ന രാജു ബറുവയാണ് കൊല്ലപ്പെട്ടത്. ഇന്നുപുലർച്ചെ ഇയാളെ നാട്ടുകാർ പിടികൂടുകയും തല്ലിക്കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടുദിവസം മുമ്പാണ് ഇയാൾ കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.
|
വിവരമറിഞ്ഞെത്തിയ പൊലീസിനെയും നാട്ടുകാർ മർദ്ദിക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ രാജു ബറുവയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് പൊലീസുകാർക്ക് നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു ബറുവയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മോഷണം, കൊലപാതകം, ബലാൽസംഗം അടക്കം ഡസനിലേറെ കേസുകളിലെ പ്രതിയാണ് രാജു ബറുവയെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ശുചിമുറിയിൽ പോയ രാജു ബറുവയടക്കം മൂന്നു പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് രാജുബറുവയെ നാട്ടുകാർ പിടികൂടി മർദ്ദിച്ചത്. ചാടിപ്പോയ പ്രതികളിൽ ഒരാളെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. ശേഷിക്കുന്ന ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഈ വർഷം ജനുവരിയിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന രാജു ബറുവ കോവിഡ് ആശുപത്രിയിൽ നിന്ന് കൈവിലങ്ങുകളോടെ രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞവർഷം സപ്തംബറിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



