22
Aug 2022
Sat
22 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെറാഡൂൺ: ഡെറാഡൂണിലെ റോഡിന് നടുവിൽ കസേരയും ടീപ്പോയുമിട്ട് ഗതാഗതം തടസപ്പെടുത്തി മദ്യപിച്ച ശേഷം മുങ്ങിയ യൂട്യൂബറെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. യൂട്യൂബർ ബൽവീന്ദർ കതാരിയ എന്ന ബോബി കതാരിയയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപയാണ് ഉത്തരാഖണ്ഡ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

 

സംഭവത്തിൽ കേസെടുത്ത പ്രതിക്കെതിരെ ഡെറാഡൂൺ പൊലീസ് കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡെറാഡൂൺ എസ്എസ്പി ദിലീപ് സിങ് കുൻവാർ പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കതാരിയയുടെ വീട്ടിലും ഉത്തരാഖണ്ഡ് പൊലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തുടർന്നാണ് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മുസൂറി കിമാഡി മാർഗിലെ നടുറോഡിലായിരുന്നു ബോബി കതാരിയയുടെ വെള്ളമടി ഷോ. ഇതുവഴി പോയ വാഹനങ്ങൾ തടയുകയും പൊലീസിനെ വെല്ലുവിളിക്കുകയും മദ്യലഹരിയിൽ ബൈക്ക് ഓടിക്കുകയും ചെയ്ത കതാരിയ സംഭവം വിവാദമായതോടെ ഒളിവിൽ പോവുകയായിരുന്നു.

 

ഇയാൾക്കെതിരെ ഐപിസി 342, 336, 290, 510, ഐടി ആക്ട് 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ വിവാദത്തിലിടം പിടിച്ചിട്ടുള്ള വ്യക്തിയാണ് ഇയാൾ. മുമ്പ് സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ പുകവലിക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതേ തുടർന്ന് ഇയാൾക്ക് വിമാന കമ്പനി 15 ദിവസത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

എന്നാൽ, ഇത് ഡമ്മി വിമാനമാണെന്നും ദുബൈയിൽ നടത്തിയ ഷൂട്ടിങ്ങിന്റെ ഭാഗമാണെന്നും വിമാനത്തിനുള്ളിൽ ലൈറ്റർ എടുക്കുന്നത് അനുവദനീയമല്ലെന്നുമായിരുന്നു അന്ന് ബോബി കതാരിയയുടെ അവകാശവാദം.