തിരുവനന്തപുരം: പീഡനത്തിന് ഇരയായ പതിനാറുകാരിയായ അതിജീവിതയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ മതപുരോഹിതൻ അടക്കം മൂന്നു പേർ അറസ്റ്റിൽ. പനവൂർ സ്വദേശി അൽ അമീർ(23), മതപുരോഹിതൻ അൻസർ, പെൺകുട്ടിയുടെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് പനവൂരിലാണ് സംഭവം.
|
നാലു മാസം മുമ്പ് പെൺകുട്ടിക്ക് മൊബൈൽഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതിയാണ് അൽ അമീർ. പ്ലസ്വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി നാലുമാസം മുൻപ് മലപ്പുറത്തേക്ക് അൽ അമീർ നാടുവിട്ടുപോയി. വീട്ടുകാർ പരാതി നൽകിയതോടെ, അറസ്റ്റ് ഭയന്ന് ഇയാൾ പെൺകുട്ടിയെ തിരിച്ചു വീട്ടിലാക്കി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുൻ പരാതിയിൽ പൊലീസ് ഇയാളെ നെടുമങ്ങാട്ടെ വീട്ടിൽ നിന്ന് അറസ്റ്റുചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18ന് പ്രതിയെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
പെൺകുട്ടി സ്കൂളിൽ ഹാജരാകാത്തതിനാൽ സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോഴാണ് സമീപ വാസികൾ പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു. നാട്ടുകാരാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്. കല്യാണം കഴിച്ചാൽ കേസ് അവസാനിക്കുമെന്ന് പ്രതി കരുതിയതായി പൊലീസ് പറയുന്നു.



