23
Feb 2023
Tue
23 Feb 2023 Tue

മുംബൈ: മോക് ഡ്രില്ലിൽ മുസ് ലിംകളെ തീവ്രവാദികളായി അവതരിപ്പിക്കുന്ന പൊലീസ് നടപടി വിലക്കി ബോംബൈ ഹൈക്കോടതിയുടെ ഔറം​ഗാബാദ് ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചു. ഭീകരാക്രമണമടക്കം വിവിധ തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷിക്കുന്ന മോക് ഡ്രില്ലിലാണ് മുസ് ലിംകളെ തീവ്രവാദികളായി അവതരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക പ്രവർത്തകനായ സയിദ് ഉസാമയാണ് പൊലീസ് നടപടിക്കെതിരേ കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. തീവ്രവാദികളായി മോക് ഡ്രില്ലിൽ അവതരിപ്പിക്കുന്നവരുടെ വേഷവും അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും മുസ് ലിംകളുടേതാണെന്നും ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
ജസ്റ്റിസുമാരായ മം​ഗേഷ് പാട്ടിൽ, എസ് ചപല​ഗോങ്കർ എന്നിവർ അം​ഗമായ ഡിവിഷൻ ബെഞ്ച് പൊലീസിനോട് മോക് ഡ്രില്ല് സംഘടിപ്പിക്കുന്നതിനുള്ള മാർ​ഗനിർ​ദേശങ്ങൾ കോടതിയെ അറിയിക്കാനും നിർദേശിച്ചു.

തീവ്രവാദികൾ മുസ് ലിംകൾ മാത്രമാണെന്ന സന്ദേശമാണ് ഇത്തരം നടപടിയിലൂടെ കൈമാറുന്നതെന്നും ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. മുസ് ലിംകളോടുള്ള പൊലീസിന്റെ മുൻ വിധിയാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദ് ന​ഗർ, ചന്ദ്രാപൂർ, ഔറം​ഗാബാദ് ജില്ലകളിൽ പൊലീസ് അവതരിപ്പിച്ച മോക് ഡ്രില്ലുകളിലാണ് മുസ് ലിംകളായി തീവ്രവാദികളായി അവതരിപ്പിച്ചതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 10ന് ഹരജി വീണ്ടും പരി​ഗണിക്കുമെന്ന് പറഞ്ഞ കോടതി തുടർന്നു നടക്കുന്ന മോക് ഡ്രില്ലുകളിൽ മുസ് ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കരുതെന്നും നിർദേശിച്ചു.