മുംബൈ: മോക് ഡ്രില്ലിൽ മുസ് ലിംകളെ തീവ്രവാദികളായി അവതരിപ്പിക്കുന്ന പൊലീസ് നടപടി വിലക്കി ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചു. ഭീകരാക്രമണമടക്കം വിവിധ തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷിക്കുന്ന മോക് ഡ്രില്ലിലാണ് മുസ് ലിംകളെ തീവ്രവാദികളായി അവതരിപ്പിച്ചത്.
|
സാമൂഹിക പ്രവർത്തകനായ സയിദ് ഉസാമയാണ് പൊലീസ് നടപടിക്കെതിരേ കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. തീവ്രവാദികളായി മോക് ഡ്രില്ലിൽ അവതരിപ്പിക്കുന്നവരുടെ വേഷവും അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും മുസ് ലിംകളുടേതാണെന്നും ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
ജസ്റ്റിസുമാരായ മംഗേഷ് പാട്ടിൽ, എസ് ചപലഗോങ്കർ എന്നിവർ അംഗമായ ഡിവിഷൻ ബെഞ്ച് പൊലീസിനോട് മോക് ഡ്രില്ല് സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കോടതിയെ അറിയിക്കാനും നിർദേശിച്ചു.
തീവ്രവാദികൾ മുസ് ലിംകൾ മാത്രമാണെന്ന സന്ദേശമാണ് ഇത്തരം നടപടിയിലൂടെ കൈമാറുന്നതെന്നും ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. മുസ് ലിംകളോടുള്ള പൊലീസിന്റെ മുൻ വിധിയാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദ് നഗർ, ചന്ദ്രാപൂർ, ഔറംഗാബാദ് ജില്ലകളിൽ പൊലീസ് അവതരിപ്പിച്ച മോക് ഡ്രില്ലുകളിലാണ് മുസ് ലിംകളായി തീവ്രവാദികളായി അവതരിപ്പിച്ചതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 10ന് ഹരജി വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി തുടർന്നു നടക്കുന്ന മോക് ഡ്രില്ലുകളിൽ മുസ് ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കരുതെന്നും നിർദേശിച്ചു.



