|
ചാണ്ഡിഗഡ്: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാസേനക്കാർ രണ്ട് മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ചുട്ടുകൊന്ന സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കണമെന്ന് മജ്ലിസേ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി എം.പി ആവശ്യപ്പെട്ടു. തെലുങ്ക് നടൻ നന്ദമുറി തരാകയുടെ നിര്യാണത്തിൽ മോദി അനുശോചിച്ച വാർത്ത പങ്കുവച്ച് ട്വിറ്ററിലൂടെയാണ് ഉവൈസി ഇക്കാര്യം ആവശ്യപ്പെട്ടത്.
ജുനൈദിനെയും നാസിറിനെയും ഗോരക്ഷാസേനക്കാർ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം കൊലപ്പെടുത്തിയിരിക്കുന്നു. രണ്ടുയുവാക്കൾക്കുംചെറിയ കുട്ടികളുണ്ട്. ഈ രണ്ടുയുവാക്കൾക്ക് വേണ്ടിയും നിങ്ങൾ ഒന്ന് ട്വീറ്റ്ചെയ്യണം- ഉവൈസി ആവശ്യപ്പെട്ടു. മോദിയെ ട്വിറ്ററിൽ ടാഗ്ചെയ്തുകൊണ്ടായിരുന്നു ഉവൈസിയുടെ ട്വീറ്റ്. രാവിലെ ഭിവാനിയിലെ വീട്ടിലെത്തിയ ഉവൈസി രണ്ടുപേരുടെയും കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.
നേരത്തെ സി.പി.എം നേതാവ് വൃന്ദാകാരാട്ടും ജുനൈദിന്റെയും നാസിറിന്റെയും വീടുൾ സന്ദർശിച്ചിരുന്നു. രാജസ്ഥാനിലെ സി.പി.എം നേതാക്കൾക്കൊപ്പമാണ് അവർ സന്ദർശിച്ചത്. കൊലപാതകത്തെ ശക്തമായി അഫലപിച്ച വൃന്ദാകാരാട്ട്, കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് സി.പി.എം ഉറപ്പാക്കുമെന്നും അറിയിച്ചു.
സംഭവത്തിൽ ബജ്റംഗ്ദൾ ജില്ലാ കോർഡിനേറ്ററും ഗോരക്ഷാസേന തലവനുമായ മോഹിത് എന്ന മോനു മനേസർ, ബജ്റംഗ്ദൾ പ്രവർത്തരരായ അനിൽ, ലോകേഷ് സിഗ്ല, ശ്രീകാന്ത്, റിങ്കു സൈനി എന്നിവർക്കെതിരേ കേസെടുത്തിരുന്നു. ഐ.പി.സിയിലെ 143(നിയമവിരുദ്ധമായി സംഘം ചേരൽ), 365 (തട്ടിക്കൊണ്ടുപോകൽ), 367 (തട്ടിക്കൊണ്ടുപോയ ശേഷം മുറിവേൽപ്പിക്കൽ), 368(തടഞ്ഞുവയ്ക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞദിവസമാണ് ജുനൈദും നാസിറും കൊല്ലപ്പെട്ടത്. രണ്ടുപേരെയും ഇവർ സഞ്ചരിച്ച ബൊലെറോ ജീപ്പ് തടഞ്ഞുവച്ച് മർദിച്ച ശേഷം അതേ വാഹനത്തിലിട്ട് ചൂവനോടെ ചുട്ടുകൊല്ലുകയായിരുന്നു. വാഹനത്തിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാഹനവും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് ഗോരക്ഷാസേനക്കാർ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഭിവാനിയിൽ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
Sir @narendramodi Junaid & Naseer where kidnapped & beaten and burned to death by so called Gau rakshaks,both where young have small children
Please a tweet to express your grief Wazir e Azam for these 2 stars of Meo Muslims. https://t.co/1jKLto0N4x— Asaduddin Owaisi (@asadowaisi) February 19, 2023



