24
Mar 2023
Fri
24 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെച്ചൊല്ലി നിയമസഭയില്‍ പ്രക്ഷുബ്ധാവസ്ഥ. കേസില്‍ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്ത് നിന്ന് ടി. സിദ്ദീഖ് ആണ് പ്രമേയാവതരണാനുമതി തേടിയത്. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് പ്രതികളെ സംരക്ഷിക്കാനെന്ന് ടി. സിദ്ദീഖ് ആരോപിച്ചു. കേസിലെ 11 പ്രതികളും സി.പി.എം ക്വട്ടേഷന്‍ സംഘമാണ്. കൊലക്ക് കാരണം രാഷ്ട്രീയമാണെന്നും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്തണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.

2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. തട്ടുകടയില്‍ സുഹൃത്തുകള്‍ക്കൊപ്പം ചായ കുടിക്കുമ്പോള്‍ ഭീകര ക്വട്ടേഷന്‍ സംഘമാണ് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സമൂഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചെറുപ്പക്കാരനെ മരം വെട്ടുന്നതും മീന്‍ വരയുന്നതും പോലെ അരക്ക് താഴെ 41 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് സിദ്ദീഖ് പറഞ്ഞു. കേസിലെ 11 പ്രതികളില്‍ അഞ്ച് പേര്‍ തെരൂര്‍ പാലയോടുകാരും ആറു പേര്‍ തില്ലങ്കേരിക്കാരുമാണ്. ഇതെല്ലാം സി.പി.എം ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ഈ പ്രതികളെ പുറത്താക്കിയ പാര്‍ട്ടി സി.പി.എം ആണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കുകയാണെന്ന് അച്ഛനെ ഓഫിസില്‍ വിളിച്ചുവരുത്തി പറഞ്ഞത് ഏത് പാര്‍ട്ടിയാണ് പറയുന്നില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് പിതാവിനോട് പറയുന്നത് പോലെയാണ് ഇതെന്ന് സിദ്ദീഖ് പരിഹസിച്ചു.

കൊലപാതകം നടത്താന്‍ ആകാശ് തില്ലങ്കേരിയും ഷുഹൈബും തമ്മില്‍ പരസ്പര ബന്ധമില്ല. എടയന്നൂരും ഇരിക്കൂരും മട്ടന്നൂരും കഴിഞ്ഞുള്ള സ്ഥലമാണ് തില്ലങ്കേരി. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ്. പാര്‍ട്ടിക്ക് വേണ്ടി നടത്തിയ കൊലപാതകമാണെന്നും നേതാക്കളാണ് ഇത് ചെയ്യിച്ചതെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘത്തിന് സി.പി.എമ്മുമായി ബന്ധമില്ലെങ്കില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ കൊടുത്ത കേസില്‍ ഹൈകോടതിയില്‍ സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ വന്നത് വിജയ് ഹസാരെ അടക്കം പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെ നിയോഗിച്ചത്. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിനെ അഭിഭാഷകര്‍ ഉണ്ടായിരിക്കെ കേസ് വാദിക്കാന്‍ ബി.ജെ.പി സര്‍ക്കാറിലെ അഡീഷണല്‍ സോളിസിറ്റര്‍ ആയിരുന്ന രഞ്ജിത്ത് കുമാറിനെ ലക്ഷങ്ങള്‍ മുടക്കിയാണ് നിയോഗിച്ചതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

അതേസമയം, ഷുഹൈബ് വധക്കേസില്‍ അന്വേഷണം നീതിപൂര്‍വമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വധക്കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലം നോക്കാതെയാണ് പ്രതികളെ കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം ക്വട്ടേഷന്‍ സംഘങ്ങളുടെ തണലിലല്ല. ക്രിമിനലുകളുടെ വാക്ക് മഹത്വവല്‍കരിക്കാന്‍ പ്രതിപക്ശത്തിന് വ്യഗ്രതയാണ്. ആകാശും ജിജോയും കേസില്‍ പ്രതികളായത് കൊണ്ടാണ് കാപ്പ ചുമത്തിയത്. ഷുഹൈബ് കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. സി.ബി.ഐ വരുന്നതിനെ എതിര്‍ത്തത് പ്രതികളെ സംരക്ഷിക്കാനല്ലെന്നും പൊലീസ് നടപടി സംരക്ഷിക്കാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഷുഹൈബിനെ കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. പി.ജെ ആര്‍മിയുടെ മുന്നണി പോരാളിയാണ് ഷുബൈഹ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേസിലെ പ്രതികളെ രക്ഷിക്കാന്‍ സി.പി.എം കുറി നടത്തി. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സി.ബി.ഐയെ എതിര്‍ക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.