01
Mar 2023
Wed
01 Mar 2023 Wed


ജമ്മു കശ്മീര്‍: കത്വവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി വിവാഹിതയായി. ദര്‍ദാന അഖ്തറിന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. പോലീസില്‍ ജോലിയുള്ള ഇമ്രാനാണ് വരന്‍. വിവാഹത്തില്‍ പങ്കെടുത്ത മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബുവിന്റെ വൈകാരികമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവാഹത്തെ കുറിച്ച് പ്രതിപാദിച്ചത് ഏവരേയും കണ്ണീരിലാഴ്ത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ ജമ്മുവില്‍ നിന്ന് നാല്പത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള സംബാ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഈ കുറിപ്പ്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈര്‍ സാഹിബും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഞാനും ഈ നിയമ യുദ്ധത്തിലെ മുന്‍നിര പോരാളി അഡ്വ. മുബീന്‍ ഫാറൂഖിയുമാണ് ഇവിടെ വന്നത്.അവളുടെ ചാച്ച (എളാപ്പ) അംജദ് ഭായിയുടെ വീട്ടിലായിരുന്നു ദര്‍ദാനയുടെ ഷാദിക്കുള്ള ഒരുക്കങ്ങള്‍.

കത്വയിലെ പൊന്നുമോളുടെ ഇത്താത്ത അവളുടെ ഉപ്പ യൂസഫ് ഭായിയുടെ തുടരെയുള്ള ക്ഷണപ്രകാരമാണ് ഞങ്ങള്‍ സാഹസപ്പെട്ടെത്തിയത്. പ്ലാറ്റിനം ജൂബിലി സമ്മേളനം സമാപിച്ചയുടനെ ചെന്നൈയില്‍ നിന്ന് ജമ്മുവിലേക്ക് തിടുക്കപ്പെട്ട് യാത്ര തിരിച്ചു. അവര്‍ ക്ഷണിച്ചതിനാല്‍ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നെയില്‍ വെച്ച് പറഞ്ഞിരുന്നു.
ഞങ്ങളെത്തുമ്പോള്‍ ഉച്ചക്ക് ഒന്നര മണി. ഗ്രാമത്തിലേക്ക് കടന്നതും പാതി വഴിയില്‍ ദുര്‍ഘടമായ റോഡ് കാരണം വണ്ടി ഉപേക്ഷിച്ച് ഞങ്ങള്‍ നേരെ നടന്നു. ഫോണില്‍ വഴി പറഞ്ഞ് ഞങ്ങളെ പിന്തുടര്‍ന്ന അവളുടെ സഹോദരന്‍ ഷിഫാസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. കുന്നും ചെരിവുമായ ഗ്രാമത്തില്‍ അധികം വീടുകളില്ല. ദൂരെ വര്‍ണ്ണത്തുണിയിലെ കുഞ്ഞുപന്തല്‍ കാണുന്നുണ്ട്. മംഗലവീടാണത്.

ദുര്‍ഘട വഴികള്‍ താണ്ടി വീട്ടിലെത്തിയ ഞങ്ങളെയവര്‍ ഹൃദ്യമായി സ്വീകരിച്ചിരുത്തി. അകത്ത്, ബന്ധുക്കളുമായി വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടെ വെള്ള നിറത്തിലെ ചോറും മട്ടന്‍ കറിയും ബീഫ് വരട്ടിയതും മുമ്പിലെത്തി. കൈകഴുകാന്‍ ഷിഫാസ് മൊന്തയില്‍ നിന്നും വെള്ളം പകര്‍ന്നു.

ഗോത്ര മനുഷ്യരുടെ ഹൃദയം നിറക്കുന്ന സ്നേഹാതിഥ്യത്തിന് മുമ്പില്‍ പരിഷ്‌കൃതരെന്ന് നടിക്കുന്ന നമ്മള്‍ തോറ്റു പോകും. വരന്റെയും കുടുംബത്തിന്റെയും ബറാത് (തേടി വരവ്) കാത്ത് ചൂടുള്ള ‘ഹല്‍വ പറാത്ത’ തയ്യാറാക്കി വെച്ചിരുന്നു.(പൂരി പോലുള്ള അപ്പവും സേമിയ കൊണ്ടുള്ള മധുരവും..)

കൃത്യം മൂന്ന് മണിയായപ്പോള്‍ വരന്റെയും കൂട്ടരുടെയും ആഗമനം. ചന്ദന നിറത്തില്‍ വര്‍ണ്ണക്കല്ലുകള്‍ കൊരുത്തു വെച്ച ഷെര്‍വാണിയും, രാജകീയപ്രൗഢി വിളിച്ചോതുന്ന പകിടി- തലപ്പാവും, വട്ടത്തില്‍ കോര്‍ത്ത് വെച്ച വലിയ നോട്ടുമാലയും, ആഡ്യത്തം നിറഞ്ഞ പാദരക്ഷയും ധരിച്ചു വരന്‍ വാഹനത്തില്‍ നിന്നിറങ്ങിയത് വേറിട്ടൊരനുഭവം പകര്‍ന്നു.

അവളുടെ ദീദി ദര്‍ദാനയുടെ രാജകുമാരനിതാ മുന്നില്‍. പെട്ടെന്ന് വീട്ടിലെ സ്ത്രീകള്‍ കൂട്ടമായി അറബി-ഉര്‍ദു വരികളിലുള്ള പാട്ട് പാടി:’അസ്യെത്തി ഷായദ് ചെ നാ, ഷായദ് ചെ നാ,, സുന്ദര്‍ മാലിയെ….’
മദീനയിലെത്തിയ പ്രവാചക തിരുമേനി (സ) യെ ത്വലഅല്‍ ബദറു ചൊല്ലി വരവേറ്റ ചരിത്രസ്മൃതി മനസ്സിലേക്കോടി വന്നു.

വരനെ പന്തലില്‍ കൈ കൊടുത്തു ആശംസ നേരുമ്പോള്‍ ‘ദര്‍ദാനയുടെ അനിയത്തിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കളാണിവര്‍” എന്ന ഒറ്റവാചകത്തില്‍ അഡ്വ. മുബീന്‍ ഫാറൂഖി ഞങ്ങളെ പരിചയപ്പെടുത്തി.

ഗുജ്ജര്‍ നാടോടി ഇടയ പാരമ്പര്യത്തിലെ ഗോത്ര രീതികളും വേഷങ്ങളും കണ്ടപ്പോള്‍ അഫ്ഗാന്‍ യുദ്ധകാലത്ത് ടൈം മാഗസിനില്‍ വന്ന കാബൂളിലെയും തോറാബോറയിലെയും ചിത്രങ്ങള്‍ ഓര്‍ത്തു പോയി.

നൂറില്‍ താഴെ മാത്രം ആളുകള്‍ പങ്കെടുത്ത ആ കല്ല്യാണത്തില്‍ സ്ത്രീകളെല്ലാം സല്‍വാര്‍ ധരിച്ചപ്പോള്‍ ആണുങ്ങള്‍ കുര്‍ത്ത പൈജാമയും അതിനു മുകളില്‍ പെഷവാരി ജാക്കറ്റും തലയില്‍ വട്ടക്കെട്ടുമണിഞ്ഞു നില്‍ക്കുന്നു.. അതിനിടയില്‍ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രം ജീന്‍സും ഷര്‍ട്ടുമണിഞ്ഞു ആ നിമിഷങ്ങളില്‍ ലയിച്ചു ചേര്‍ന്നു.

ഒടുവില്‍ ഇറങ്ങാന്‍ നേരമായി. ഉപ്പ അഖ്തര്‍ യൂസഫ്, ചാച്ച അംജദ് ഭായ്, സദ്ധാം, ഷിഫാസ് എല്ലാവരെയും ചേര്‍ത്തു പിടിച്ച് ചിരി നിറഞ്ഞൊരു സെല്‍ഫിയെടുത്തു.

അവര്‍ക്ക് ഞങ്ങളോട് പലതും പറയാനുണ്ടാകാം. പ്രാദേശിക ഭാഷയാണ് തടസ്സം. എന്നാല്‍ മലര്‍ക്കോട്ടുകാരനായ അഡ്വ. മുബീന് ഏത് ഗോത്രഭാഷയും വഴങ്ങും.

പക്ഷെ നമ്മുടെ പൊന്നനുജത്തിയില്ലാത്ത ആ വീട്ടില്‍ എന്ത് പറയാനാണ്?

അവിടെ മൗനമായിരുന്നു ഞങ്ങളുടെ ഭാഷ.. പ്രാര്‍ത്ഥനയായിരുന്നു ഞങ്ങളുടെ സമ്മാനം.. സ്വര്‍ഗ്ഗത്തില്‍ അവളെ മടിയിലിരുത്തി ലാളിക്കുമെന്ന പ്രതീക്ഷയാണ് ഞങ്ങളുടെ പാഥേയം..

ഉറങ്ങൂ വാവേ.. ഞങ്ങളുടെ കണ്ണിലെ നനവ് കിനിഞ്ഞിറങ്ങുന്ന നിന്റെ ഖബറില്‍ ദീദിയുടെ കയ്യിലെ മൈലാഞ്ചിച്ചോപ്പ് കിനാവ് കണ്ട് സുഖമായുറങ്ങുക..
നീ കൈപിടിച്ച് കളിച്ച് നടന്ന ഇത്താത്ത മുനീസയുടെ കല്യാണത്തിനും ഇനി ഞങ്ങള്‍ വരും.

കാശ്മീരില്‍ നിന്ന് നിന്റെ നിലവിളി കേട്ടപ്പോള്‍ ഇങ്ങ് കേരളത്തില്‍ നിന്നാണ് ഞങ്ങള്‍ ഓടിയെത്തിയത്.
ഞങ്ങളുടെ നേതാവ് പറഞ്ഞത് അക്ഷരംപ്രതി പുലര്‍ന്നിരിക്കുന്നു.

നിന്റെ കുഞ്ഞുനിലവിളിയെ അനാഥമാക്കി ഞങ്ങളെങ്ങും പോകില്ല.

മോളെ ഉപദ്രവിച്ചവരെ നിയമപരമായി നിരന്തരം പിന്തുടരുന്നതിനെ പറ്റിയായിരുന്നു ഇന്ന് മംഗലവീട്ടിലും ഞങ്ങള്‍ വട്ടം ചേര്‍ന്ന് ചിന്തിച്ചത്.

അന്ന് പഠാന്‍കോട്ടില്‍ നിന്ന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത് കോടതി അഞ്ചു മണിക്കടച്ച് രാത്രി 8 മണിക്കാണ് മുബീന്റെ സ്‌കോര്‍പ്പിയോ കാറിലേക്ക് ഓടിക്കയറിയത്. പിന്നെ നിര്‍ത്താതെ മലര്‍ക്കോട്ടിലേക്ക് കുതിച്ചു പാഞ്ഞു. രാത്രി 12 മണിക്കും ഞങ്ങളെ സ്വീകരിക്കാന്‍ കാത്തു നിന്ന ആള്‍ക്കൂട്ടം. മുബീനെ കരഞ്ഞു കെട്ടിപ്പിടിച്ച് സ്വീകരിച്ച ഉമ്മ..

കത്വവ കേസില്‍ നിരന്തരം സംഘര്‍ഷ നാളുകളാണ് പിന്നിട്ടത്. ഈ കല്ല്യാണവും മനസ്സില്‍ മറച്ച് പിടിച്ച ദുഃഖത്തിന്റെ മുഹൂര്‍ത്തമാണ്.

സത്യത്തില്‍, പ്ലാറ്റിനം ജൂബിലിയുടെ ചെന്നൈ തിരക്കൊഴിയും മുമ്പ് അകലെ ജമ്മുവിലെ സാംബയിലെ ഉള്‍ഗ്രാത്തിലേക്ക് ഓടിയെത്തിയത് എന്തിനാണ്? ചാച്ച അംജദ് ഭായി നിര്‍ബന്ധിച്ചിട്ട്.
ഹേയ്, അല്ലേയല്ല.

നമ്മളെ വിളിച്ചത് അവളാണ്.

അതെ, ‘എന്റെ ദീദിയുടെ ഷാദിക്ക് എന്റെ ബഡാ ഭായിമാരായ നിങ്ങള് വരണേ’ എന്ന അവളുടെ കൊതിയാണ് അംജദിന്റെ വിളിയായി ഞങ്ങളെ തേടിയെത്തിയത്.

പ്രിയരേ.. ഈ മംഗല മുഹൂര്‍ത്തത്തില്‍ പങ്കുചേരലും ഒരു സമരമായി അടയാളപ്പെടുത്തുകയാണ് നമ്മളിവിടെ.