25
Mar 2023
Thu
25 Mar 2023 Thu

കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ ക്രൂരമായി ആക്രമിച്ചവരെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐ എം എ മാര്‍ച്ച് 17ന് ആഹ്വാനം ചെയ്തിരിക്കുന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് സമരത്തിന് മെഡിക്കല്‍ സര്‍വീസ് സെന്റര്‍ പിന്തുണ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ് കേരളത്തില്‍. സുരക്ഷിതമായ തൊഴിലിടം എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരു വ്യക്തിയുടെയും അവകാശമായിരിക്കെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അത് നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ കുറച്ചു നാളുകളായി കണ്ടുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുകയും ഏറ്റവും മികച്ച ആരോഗ്യ സംവിധാനം ഏതൊരു സാധാരണക്കാരനും ലഭ്യമാകും വിധം പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ വിഷയങ്ങള്‍ പരിഹരിക്കാനാകൂ. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ പോരായ്മകളെ മറച്ചുവയ്ക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ ഇരയാക്കുന്നതാണ് കേരളത്തില്‍ കണ്ടുവരുന്നത്.

കഴിഞ്ഞദിവസം നിയമസഭയില്‍ വച്ച് ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണ് എന്നെല്ലാം നിരുത്തരവാദപരമായി അഭിപ്രായം രേഖപെടുത്തുന്ന നിയമസഭാസാമാജികര്‍ ഇത്തരം അതിക്രമങ്ങളെ പിന്തുണക്കുകയാണ്. ഉയര്‍ന്ന വൈദ്യശാസ്ത്ര നൈതികത കാത്തുപുലര്‍ത്തണമെങ്കില്‍ രോഗിയും ഡോക്ടറും തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ബന്ധം ഉണ്ടായേ പറ്റൂ. അതില്ലാതാവുന്നത് ആത്യന്തികമായി സാധാരണ രോഗികളെ തന്നെയാണ് ബാധിക്കുക. സുശക്തമായ ആരോഗ്യ സംവിധാനം എന്നത് രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആവശ്യമാണ്.

എന്നാല്‍ സര്‍ക്കാരുകള്‍ രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും വിരുദ്ധ ചേരിയിലാക്കി നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ കുറച്ചു നാളത്തെ നിലപാടുകള്‍ തെളിയിക്കുന്നു. അതൊരിക്കലും ആശാസ്യമല്ല. അതിനാല്‍ ഇത്തരത്തിലുള്ള അതിക്രമങ്ങളില്‍ ഉടനടി നടപടിയെടുത്തുകൊണ്ട് സമാനമായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സുരക്ഷിതമായ തൊഴിലിടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു. മാര്‍ച്ച് 17 നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് സമരത്തിന് മെഡിക്കല്‍ സര്‍വീസ് സെന്ററിന്റെ സമ്പൂര്‍ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.